വെജിറ്റേറിയൻ ഭക്ഷണപ്രിയർക്കൊരു സൂപ്പർ ദം ബിരിയാണി

വെജിറ്റേറിയന്‍ ആഹാരങ്ങള്‍ കഴിച്ചു ശീലിച്ചവര്‍ക്ക് ഒരു അടിപൊളി ബിരിയാണി ആയാലോ ?സോയ ചങ്ക്സ് ദം ബിരിയാണി.

ചേരുവകൾ

1. സോയ ചങ്ക്സ് – 300 ഗ്രാം  അല്പം പാല്‍ ഒഴിച്ച് ഒന്ന് തിളക്കുമ്പോള്‍ മൂടി വെച്ച് 10 മിനിറ്റ് കഴിയുമ്പോള്‍ തണുത്ത  വെള്ളത്തില്‍ കഴുകി ബാക്കി  വെള്ളം നല്ലത് പോലെ പിഴിഞ്ഞ് കളയുക.
2. ബസ്മതി അരി 20 മിനിറ്റ് വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തത്  – 500 ഗ്രാം
3. സവോള വലുത് –  മൂന്ന് എണ്ണം മുറിച്ചത്
4. വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 2 ടീസ്പൂൺ
5. കശുവണ്ടി പരിപ്പ് ചൂട്  പാലില്‍ കുതിര്‍ത്ത് അരച്ചത് – 2 ടീസ്പൂൺ
6. 2 വലിയ തക്കാളി – പേസ്റ്റ് ആക്കിയത്
7.  മഞ്ഞള്‍ പൊടി – അര ടീസ്പൂൺ
8. മുളക് പൊടി –  അര ടീസ്പൂൺ
9. ഗരംമസാല –  1 ടീസ്പൂൺ
10. മല്ലിപൊടി – 1 ടീസ്പൂൺ
11. പച്ചമുളക് നെടുകെ കീറിയത് – 4 എണ്ണം
12. കറിവേപ്പില – 4 തണ്ട്
13.  ഗരംമസാല – ഏലക്ക ,ഗ്രാമ്പു ,കറുവാപ്പട്ട ,തക്കോലം ,ജാതിപത്രി,പെരുംജീരകം,-  ഓരോ നുള്ള് വീതം
14. പഴുത്ത പൈനാപ്പിള്‍ കഷണങ്ങളാക്കിയത് – അരക്കപ്പ്
15. നെയ്യ്  – 3 വലിയ സ്പൂണ്‍
16. ഉപ്പ് ആവശ്യത്തിന്
17. ചെറുനാരങ്ങ – 1 

ഗാർനിഷ് ചെയ്യാൻ

ഒരു  വലിയ സവോള– കഷണങ്ങളാക്കി ഫ്രൈ ചെയ്തത് 
കശുവണ്ടി– 50 ഗ്രാം ഫ്രൈ 
കിസ്മിസ് – 25 ഗ്രാം ഫ്രൈ 
മല്ലിയില –ചെറുതായി അരിഞ്ഞത് 

പാചകം ചെയ്യുന്ന വിധം

ഒരു ഫ്രയിംഗ് പാനില്‍ അല്പം എണ്ണ ഒഴിച്ച് സവോള ചേര്‍ത്ത് നന്നായി വഴറ്റുക ഒരു തക്കോലം  രണ്ടു ഏലക്ക എന്നിവ കൂടി ചേര്‍ക്കുക ഗോൾഡൻ ബ്രൗണ്‍നിറം ആകുമ്പോള്‍ തയാറാക്കിയ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, ഗരംമസാല, മല്ലിപൊടി എന്നീ ചേരുവകള്‍ ചേര്‍ത്തു ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. 

അതിനുശേഷം തക്കാളി പേസ്റ്റ്  ചേര്‍ക്കുക.തിളച്ചു കഴിയുമ്പോള്‍ ഇതിലേക്ക് തയാറാക്കിയ സോയ ചങ്ക്സ് ചേര്‍ക്കുക (വെള്ളം പിഴിഞ്ഞ് കളഞ്ഞ സോയാ അല്പം ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ഗോള്‍ഡൻ നിറത്തില്‍ വറത്തു ഇട്ടാല്‍ സ്വാദു കൂടും.) തയാറാക്കിയ കശുവണ്ടി പേസ്റ്റ് ചേര്‍ക്കുക. അടിക്കു പിടിക്കാതെ ഇളക്കുക.10 മിനിറ്റ് മൂടി വെക്കുക.പച്ചമുളകും കറിവേപ്പിലയും ഇടുക അധികം ഗ്രേവിയില്ലാതെ മസാല പരുവത്തില്‍ വാങ്ങുക.ബിരിയാണിക്ക് അവശ്യമായ മസാല റെഡി .

ദം റെഡിയാക്കാം...

ചുവടു കട്ടിയുള്ള ഒരു  പാത്രവും അതിനു ചേരുന്ന അടപ്പും തയാറാക്കുക, പാത്രത്തില്‍ ആവശ്യത്തിനു വെള്ളമൊഴിച്ച് ഗരംമസാല ചേരുവകള്‍ക്കൊപ്പം രണ്ടു തണ്ട് കറിവേപ്പിലയും ആവശ്യമായ ഉപ്പും ചേര്‍ത്തു വെള്ളം തിളച്ചു കഴിയുമ്പോള്‍ അരി ഇടുക, അല്പം നെയ്യ് ഒഴിക്കുക, ചെറു നാരങ്ങ പിഴിഞ്ഞ് ചേര്‍ത്ത് ഒന്ന് ഇളക്കി മൂടി വെക്കുക. അരിയുടെ വേവ് പകുതിയില്‍ ഊറ്റുക (കടിക്കുന്ന പരുവം വെന്തു പോകരുത്). അരി തയാറാക്കിയ പാത്രത്തില്‍ ലയര്‍ ബൈ ലയര്‍ ആയി ചോറും മസാലയും ഒപ്പം പൈനാപ്പിളും ചേര്‍ക്കുക. മുകളില്‍ നെയ് ഒഴിക്കുക അല്പം ഫ്രൈ ഒനിയൻ ഇടുക. മല്ലിയില ഇടുക 

നന്നായി കവര്‍ ചെയ്തു വളരെ ചെറിയ തീ യില്‍ ദം ചെയ്തു എടുക്കുക. റെയ്ത്തയോടും പപ്പടത്തിനോടും ഒപ്പം സ്വാദിഷ്ടമായ സോയാ ചങ്ക്സ് ബിരിയാണി വിളമ്പാം.