സ്വാദുള്ളൊരു ചെറിയ വിഭവമാണ് ചക്കക്കുരു മാങ്ങാ മെഴുക്കുപുരട്ടി. ചേരുവകൾ പരിചയപ്പെടാം.
ചക്കക്കുരു -15 എണ്ണം
മാങ്ങാ -1വലുത്
ഉള്ളി -10
പച്ചമുളക് -4
മഞ്ഞൾ പൊടി -1 സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ, കടുക്, ഉണക്ക മുളക്, വേപ്പില
പാചകരീതി
ആദ്യം ചക്കക്കുരു കുക്കറിൽ ആവശ്യത്തിനു ഉപ്പു ചേർത്തു വേവിക്കണം. ഒരു 2 വിസിൽ മതി. എന്നിട്ട് തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കണം. ഒരു മാങ്ങാ നീളത്തിൽ മുറിച്ചുവയ്ക്കുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകും ഉണക്കമുളകും വേപ്പിലയും പൊട്ടിക്കുക അതിലേക് ഉള്ളി അരിഞ്ഞത് ചേർത്തിളക്കുക. പുറകെ പച്ചമുളകും. അതൊന്നു പാകമാകുമ്പോൾ ഒരു സ്പൂൺ മഞ്ഞൾ പൊടി, കുറച്ച് ഉപ്പ് ഇവ ചേർത്തു ഇളക്കുക. എന്നിട്ട് മാങ്ങാ കഷണങ്ങൾ ചേർത്ത് ഒരു മിനിറ്റു മൂടി വെയ്ക്കാം.അതിന് ശേഷം കുറച്ചു നേരം അടിയിൽ പിടിക്കാതെ ഇളക്കണം. മാങ്ങാ വെന്തു കഴിയുമ്പോൾ റെഡി ആക്കി വെച്ചിരിക്കുന്ന ചക്കക്കുരു ചേട്ടന്മാരെ കൂടി ചേർക്കുക. നന്നായി ഇളക്കുക. തീയണക്കും മുൻപ് ഒരു സ്പൂൺ എണ്ണ കൂടി ചേർക്കാം. ചക്കക്കുരു മാങ്ങാ മെഴുക്കുപുരട്ടി റെഡി.