പീറ്റ്സ എന്ന് കേട്ടാൽ കുട്ടികളുടെ വായിൽ കപ്പലോടും. എങ്കിൽ ഇനി ഓവനും ഈസ്റ്റും ഒന്നുമില്ലാതെ എളുപ്പത്തിൽ പീറ്റ്സയുടെ രുചിയിൽ ഒരു ഗോതമ്പുദോശ വീട്ടിൽ തയാറാക്കുന്നതെങ്ങനെ യെന്നു നോക്കാം.
ചേരുവകൾ
പച്ച കാപ്സിക്കം - 1 ചെറുതായി അരിഞ്ഞത്
ചുവന്ന കാപ്സിക്കം - 1 ചെറുതായി അരിഞ്ഞത്
സവാള -1 ചെറുതായി അരിഞ്ഞത്
കാരറ്റ് - 1 ചുരണ്ടി എടുത്തത്
ചീസ് - ½ കപ്പ് ചുരണ്ടിയത്
ഉപ്പ് - പാകത്തിന്
കുരുമുളക് പൊടി - പാകത്തിന്
ദോശ തയാറാക്കുന്നതിന്
ഗോതമ്പുപൊടി - ½ കപ്പ്
കോൺഫ്ലോർ - 3 ടേബിൾസ്പൂൺ
ഉപ്പ് - 1 ടീസ്‌പൂൺ
വെള്ളം - പാകത്തിന്
തയാറാക്കുന്ന വിധം
∙ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികളിൽ ചുരണ്ടിയ ചീസും ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേർത്ത് യോജിപ്പിക്കുക.
∙ വേറെ ഒരു പാത്രത്തിൽ ഗോതമ്പുപ്പൊടിയും കോൺഫ്‌ളോറും ഉപ്പും ചേർത്ത് യോജിപ്പിച്ചു ആവശ്യത്തിന് വെള്ളം ചേർത്ത് ദോശമാവ് പരുവത്തിൽ കലക്കിയെടുക്കുക.
∙ ദോശക്കല്ല് ചൂടായി വരുമ്പോൾ ദോശയുണ്ടാക്കുക .
∙ ചെറുതീയിൽ വെച്ചു ഇടത്തരം കട്ടിയുള്ള ദോശ വേണം ഉണ്ടാക്കാൻ.
∙ ദോശയുടെ ഒരു വശം വെന്തുകഴിയുമ്പോൾ മറിച്ചിടുക.
∙ മറിച്ചിട്ട ഉടനെ എല്ലായിടത്തും ടൊമാറ്റോ സോസ് പുരട്ടി അതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറികൂട്ട് എല്ലായിടത്തും എത്തുന്ന വിധത്തിൽ ചേർക്കുക .
∙ ഇനി അതിനു മുകളിലായി എല്ലായിടത്തും ചീസ് ചുരണ്ടി ഇടുക . വേണമെങ്കിൽ ഒറിഗാനോ ചേർക്കാവുന്നതാണ്.
∙ ചീസ് ഉരുകുന്നത് വരെ ചെറുതീയിൽ ഒരു അടപ്പ് കൊണ്ട് മൂടിവച്ചു വേവിക്കുക.
∙ ഉരുകി കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്‌തു മുറിച്ചു ഉപയോഗിക്കാം.