ഏഴാം മാസം തൊട്ട് കുഞ്ഞുങ്ങകൾക്ക് കൊടുക്കേണ്ട ആരോഗ്യകരമായ ഭക്ഷണമാണ് നവധാന്യ കുറുക്ക്. അഞ്ചുവയസ്സിനുള്ളിൽ ഇടയ്ക്കെങ്കിലും തയാറാക്കി കൊടുക്കുന്നത് നല്ലതാണ്.മുതിർന്ന കുട്ടികൾക്കും കൊടുക്കാം. കൊച്ചു കുട്ടികളുടെ ഫുഡ് ബോക്സിൽ കൊടുത്തു വിടാനും പറ്റും. കുട്ടികൾക്ക് ആദ്യം കൊടുക്കുബോൾ കുറച്ച് കൊടുത്ത് അലർജി ഉണ്ടോ എന്ന് നോക്കണം. കുറച്ച് കൊടുത്തു നോക്കി മാത്രം തുടരണോ എന്ന് തീരുമാനിക്കുക..അവർക്ക് അത് ചേരുന്നില്ലെങ്കിൽ വലിയവർക്ക് ഉപയോഗിക്കാം.
ഇഞ്ചി ചേർക്കുന്നതുകൊണ്ട് ഗ്യാസ് പ്രശ്നങ്ങൾ കുറയ്ക്കും, കുരുമുളക് ദഹനം സുഗമമാക്കും...ഇത്രയും പൊടിയിൽ ഇതിന്റെ എരിവ് അറിയേ ഇല്ല..ധൈര്യമായി ചേർക്കാം. ചേരുവകൾ കണ്ടു ഇതെല്ലാം ദഹിക്കുമോ എന്ന പേടി വേണ്ട...ഒരു ടീസ്പൂണിൽ ഇതിന്റെയെല്ലാം ചെറിയ അംശമേ വരികയുള്ളു. വീട്ടിൽ ഉണ്ടാക്കുന്ന അത്രക്കും സേഫ് ആകില്ല പുറത്തു നിന്ന് കിട്ടുന്നത്. പുതിയതായി അമ്മമാരായവർക്കും അകാൻ പോകുന്നവർക്കും ഈ കൂട്ട് സഹായകരമാകും.
ചേരുവകൾ
റാഗി – 500 ഗ്രാം
ഗോതമ്പ് – 125 ഗ്രാം
പിസ്ത – 50 ഗ്രാം
ബദാം – 50 ഗ്രാം
കടല– 50 ഗ്രാം
ചെറുപയർ – 50 ഗ്രാം
ബ്രൗൺ അരി – 50 ഗ്രാം
കടല പരിപ്പ് – 50 ഗ്രാം
കപ്പലണ്ടി തൊലി കളഞ്ഞത് – 50 ഗ്രാം
കുരുമുളക് – 1 ടീസ്പൂൺ
അയമോദകം – 15 ഗ്രാം
ജീരകം – 15 ഗ്രാം
വേപ്പില വറുത്തത് – 1 പിടി
ഇഞ്ചി – 1 കഷ്ണം
തയാറാക്കുന്ന വിധം
എല്ലാം ഉണക്കി വറുത്തു പൊടിക്കണം. വെയിലിൽ വെച്ചു ഉണക്കാവുന്നതു ഉണക്കി. പിന്നീട് ഓരോന്നും വറുത്തു മാറ്റണം. പൊടിച്ചു വച്ചാൽ ഇത് കുറേനാൾ ഇരിക്കും, അതിനാൽ അത്രേം നാൾ കേടാകാതെ ഇരിക്കാൻ നല്ല വറവ് വേണം. പിന്നെ പൊടിക്കണം., മില്ലിലോ വീട്ടിലോ പൊടിക്കാം.1 കിലോഗ്രാം ഉണ്ടാകും എല്ലാം കൂടെ. കുഞ്ഞിന് ഏകദേശം രണ്ടുമാസം കുശാലായി കഴിക്കാൻ കാണും. എല്ലാം അരിച്ചു ഭദ്രമായി അടച്ചു വെച്ചു ഉപയോഗിക്കാം. പൊടി തയാറായാൽ പനം കൽക്കണ്ടം ചേർത്ത് വെള്ളത്തിൽ കുറുക്കി കൊടുക്കാം.
ഇത്തരം പൊടികൾ പുറത്തു നിന്നും വാങ്ങാൻ കിട്ടുമെങ്കിലും വീട്ടിൽ തയാറാക്കുന്നതാണ് കൂടുതൽ നല്ലത്...ഇത്തിരി സമയം എടുക്കുന്ന പണിയാണെങ്കിലും കുഞ്ഞുങ്ങൾക്ക് വേണ്ടി വീട്ടിൽ തന്നെ തയാറാക്കുന്നതാണ് ഉചിതം.