പല തരത്തിൽ ഉളള കേസർ ബദാം പൗഡർ ഇന്ന് വിപണിയിൽ ലഭ്യമാണ്. രാസപദാർത്ഥങ്ങൾ ഒന്നും ചേർക്കാത്തവ അവയിൽ ഉണ്ടോ എന്നതാണ് സംശയം. കലർപ്പൊന്നും ചേരാത്ത കേസർ ബദാം പൗഡർ കുട്ടികൾക്കു വേണ്ടി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാകാൻ സാധിച്ചാൽ അതല്ലെ നല്ലത് ?
ചേരുവകൾ
ബദാം- അര കപ്പ്
കുങ്കുമപ്പൂവ് -കാൽ ടീസ്പൂൺ
ചുക്ക് - 1 കഷ്ണം
പനഞ്ചക്കര - അര കപ്പ്
തയാറാക്കുന്ന വിധം
∙ ഒരു പാത്രം അടുപ്പിൽ വെച്ച് അതിൽ കുറച്ചു വെള്ളം തിളപ്പിക്കുക.
∙ വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ബദാം ചേർക്കുക.
∙ 2 മിനിറ്റ് തിളച്ചതിനു ശേഷം ബദാം ചൂടുവെള്ളത്തോടു കൂടി ഒരു അരിപ്പയിലൂടെ ഒഴിക്കുക.
∙ അതിനു ശേഷം അരിപ്പയിലേക്ക് തണുത്തവെള്ളം ഒഴിച്ച് ബദാം ഒന്നു കഴുകുക.
∙ ബദാം ഒരു തുണിയിലേക്ക് മാറ്റി തൊലികളഞ്ഞെടുക്കുക.
∙ ഇനി ബദാമിലെ ഈർപ്പം മുഴുവനായി പോകുന്നതിന് അടുപ്പിൽ ഒരു പാത്രം വെച്ചു ചൂടാകുമ്പോൾ അതിലേക്കു ചേർക്കുക .
∙ 3 -4 മിനിറ്റ് ചൂടാക്കിയതിനു ശേഷം ഒരു പാത്രത്തിലേക്കു മാറ്റുക.
∙ ചുക്ക് ചൂടാക്കിയെടുത്തു മാറ്റിവെയ്ക്കുക .
∙ ഇനി മിക്‌സിയുടെ ജാറിലേക്ക് ബദാo, ചുക്ക്, പനഞ്ചക്കര, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് നന്നായി പൊടിച്ചെടുക്കുക. കേസർ ബദാം പൗഡർ തയാർ. വായുകടക്കാത്ത ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.
ശ്രദ്ധിക്കുക
1) ബദാം അധികനേരം ചൂടാക്കിയാൽ അതിൽ നിന്നും എണ്ണ വരുന്നതിന് സാധ്യതയുണ്ട്.
2) മിക്‌സിയിൽ പൊടിക്കുമ്പോൾ അധികം നേരമായാൽ എണ്ണ വരുന്നതാണ്.
3) മിക്‌സിയിൽ അരച്ചെടുക്കാതെ പൊടിച്ചു എടുക്കുക.
4) ആവശ്യമെങ്കിൽ അരിച്ചെടുക്കാവുന്നതാണ്.