പച്ചക്കറികളിലെ രാജാവ് എന്നറിയപ്പെടുന്ന വഴുതനങ്ങയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും വേണ്ടെന്നു പറയില്ല. കത്തിരിക്ക എന്നും വിളിപ്പേരുള്ള ഈ പച്ചക്കറി സാമ്പാർ, മെഴുക്കുപുരട്ടി, തോരൻ രുചികളിലേക്കു മാത്രം നമ്മുടെ നാട്ടിൽ ഒതുങ്ങിയിരിക്കുകയാണ്. നോർത്ത് ഇന്ത്യൻ രുചികളിൽ പലതരത്തിലുള്ള വിഭവങ്ങൾ കത്രിക്ക ഉപയോഗിച്ച് തയാറാക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ വഴുതനങ്ങ വറുത്തെടുക്കുന്ന തെങ്ങനെയെന്നു നോക്കാം. സംഗതി വഴുതനങ്ങ വറുത്തതാണെങ്കിലും വിളമ്പുമ്പോൾ വഴുതനങ്ങ ഫിംഗർ ഫ്രൈസ് എന്ന് പേരും കൊടുക്കാം.
ചേരുവകൾ
വഴുതനങ്ങ - 3 എണ്ണം (നീളത്തിൽ വിരൽവലുപ്പത്തിൽ മുറിച്ചത്)
കടലമാവ് - അര കപ്പ്
അരിപ്പൊടി - 4 സ്പൂൺ
മുളകുപൊടി - 1 സ്പൂണ്‍
കുരുമുളകുപൊടി - അര സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍
കായപൊടി - 1 നുള്ള്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കടലമാവും അരിപ്പൊടിയും മിക്സ് ചെയ്ത ശേഷം അതിലേക്കു ബാക്കി പൊടികളും ഉപ്പും മിക്സ് ചെയ്യുക. അതിനു ശേഷം 3-4 സ്പൂൺ വെള്ളം ചേർത്തു നന്നായി മിക്സ് ചെയ്തിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത്
മാവ് തയാറാക്കുക. ഒത്തിരി ലൂസ് ആയി പോകരുത്... വഴുതനങ്ങ കഷ്ണങ്ങൾ മാവിൽ ഇട്ടു മിക്സ് ചെയ്ത് വെക്കുക.
ചുവട് കട്ടിയുള്ള ഒരു ചീനിച്ചട്ടിയിൽ എണ്ണചൂടായി വരുമ്പോൾ വഴുതനങ്ങ ഇട്ട് വറുത്തെടുക്കുക.
ചോറിന്റെ കൂടെ ഉപ്പേരി ആയിട്ടോ ചായയ്ക്ക് പലഹാരം ആയിട്ടോ കഴിക്കാം.
ശ്രദ്ധിക്കാൻ – മാവ് ലൂസ് ആയി പോയാൽ വറുക്കുമ്പോൾ കോട്ടിങ്ങ് ഇളകിപോരും.
NB : മാവിൽ മുക്കി ഓരോന്ന് ആയിട്ട് ഇട്ടു ഫ്രൈ ചെയ്‌താൽ കാണാൻ നല്ല ഭംഗിയായിരിക്കും.