പ്രഭാത ഭക്ഷണം ആരോഗ്യകരമാക്കാം, ഓട്സ് ഇങ്ങനെ കഴിച്ചാൽ

ഇന്ന് പലതരത്തിൽ ഉള്ള ഹെൽത്ത് ബാറുകൾ വിപണിയിൽ ലഭ്യമാണെങ്കിലും അവ വാങ്ങുന്നതിനു വില കുറച്ചു കൂടുതൽ നൽകണം. ബേക്കിങ് ഇല്ലാതെ വളരെ എളുപ്പത്തിൽ ഒരു ഹെൽത്ത് ബാർ വീട്ടിൽ ഉണ്ടാക്കിയാലോ.

ചേരുവകൾ

ഓട്സ് - 2 കപ്പ്
ബദാം നുറുക്കിയത് - ½ കപ്പ്
ഉണക്ക മുന്തിരി -½ കപ്പ്
എള്ള് - 1⁄4 കപ്പ്
മത്തക്കുരു - 2 ടേബിൾസ്പൂൺ
പനഞ്ചക്കര - ½ കപ്പ്
നെയ്യ് - 2 ടീസ്‌പൂൺ
വെള്ളം - 1⁄4 കപ്പ്




തയാറാക്കുന്ന വിധം

ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ചു ചൂടായിവരുമ്പോൾ അതിലേക്കു ഓട്സ്  ചേർക്കുക . ചെറുതായി നിറം മാറിത്തുടങ്ങുമ്പോൾ അതിലേക്കു ബദാം നുറുക്കിയത് ചേർക്കുക. ഒരു 5 മിനിറ്റ് മീഡിയം തീയിൽ ഇളകിയതിനു ശേഷം ഉണക്ക മുന്തിരി ചേർത്തിളക്കുക. അത് 2 മിനിറ്റ് ഇളക്കി യോജിപ്പിച്ച ശേഷം എള്ള് ചേർത്ത് ഇളക്കുക. എള്ള് ചെറുതായി പൊട്ടി തുടങ്ങുമ്പോൾ മത്തക്കുരു ചേർക്കുക.. മത്തക്കുരു പൊട്ടി തുടങ്ങുമ്പോൾ അതിലേക്കു പനചക്കരയും നെയ്യും ചേർത്തിളക്കുക. വെള്ളം ചേർത്ത് പനഞ്ചക്കര നന്നായി അലിഞ്ഞു വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. നന്നായി യോജിച്ചു കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക .

ചൂടോടെ തന്നെ നെയ്യ് പുരട്ടിയ പാത്രത്തിലേക്കോ ഒരു ബട്ടർ പേപ്പറിലേക്കോ മാറ്റുക. ഇഷ്ടമുള്ള ആകൃതിയിൽ ആക്കി ചെറുതായി ചൂട് ഉള്ളപ്പോൾ തന്നെ മുറിക്കുക. ചൂട് നന്നായി കുറയുമ്പോൾ കഴിക്കാവുന്നതാണ്. ഒരു പാത്രത്തിൽ അടച്ചു സൂക്ഷിച്ചാൽ കുറച്ചു നാൾ കേടുകൂടാതെ ഇരിക്കും. ഇത് പ്രാതലായും ഇടനേരങ്ങളിലും കഴിക്കാവുന്നതാണ്.

പനചക്കരക്ക് പകരം ശർക്കര വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.