കടലക്കറിയുടെ രുചിക്ക് എന്നും പ്രിയമാണ്. പല രുചിയിൽ നോർത്ത് സൗത്ത് രുചികളിൽ കടലക്കറി തയാറാക്കാം. വെള്ളക്കടല ഇങ്ങനെ കറിവച്ചു നോക്കൂ.

ചേരുവകൾ

  • വെള്ളക്കടല - 2 കപ്പ്
  • സവാള - 3 എണ്ണം
  • വെളുത്തുള്ളി -1 കുടം
  • ഇഞ്ചി - ഒരു കഷണം
  • തക്കാളി - 2 എണ്ണം
  • പച്ചമുളക് - 6 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • മല്ലിപ്പൊടി - ഒന്നര ടേബിൾസ്പൂൺ
  • കാശ്മിരി മുളകുപൊടി - ഒന്നര ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • ഗരം മസാല - ഒരു ടീസ്പൂൺ
  • കുരുമുളകുപൊടി - അര ടീസ്പൂൺ
  • കോൺഫ്ലവർ - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

വെള്ളക്കടല 6 മണിക്കൂർ കുതിർത്ത് ഒരു കുക്കറിൽ പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് ഒരു വിസിൽ വരുമ്പോൾ  സിമ്മിൽ ഇട്ട് 10 മിനിറ്റ് വേവിക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി സവാള ഇട്ട് വഴറ്റുക. നന്നായി വഴന്നുവരുമ്പോൾ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ചേർത്ത് പച്ച മണം മാറുന്നതു വരെ വഴറ്റുക. ഇതിലേക്ക് കറിവേപ്പിലയും ചേർക്കുക. കോൺഫ്ലവർ ഒഴികെയുള്ള പൊടികൾ ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. വേവിച്ചുവച്ചിരിക്കുന്ന വെള്ളക്കടല ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ  കോൺഫ്ലവർ അല്പം വെള്ളത്തിൽ  മിക്സ് ചെയ്തു ഇതിലേക്ക് ചേർക്കുക. ഇത് നന്നായി തിളയ്ക്കുമ്പോൾ കറി വാങ്ങാം. ചപ്പാത്തിക്കും പൂരിക്കും ഉള്ള നല്ല ഒരു കോമ്പിനേഷനാണ് ഈ കറി.