അവ്നും ഗ്രില്ലും ഇല്ലാതെ തവയിൽ തന്നെ ഗ്രിൽ ചെയ്തെടുക്കുന്ന രുചികരമായ മീൻ,  ഒപ്പം വേവിച്ച പച്ചക്കറികളും. എണ്ണ കുറവായതുകൊണ്ട് തന്നെ തീൻമേശയിൽ രുചിക്കും വൈവിധ്യത്തിനും അപ്പുറം ആരോഗ്യവും വിളമ്പാം.

ചേരുവകൾ

മീൻ - 1 മീൻ
പാപ്രിക്ക പൗഡർ - 1 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
വെളുത്തുള്ളി - 8 അല്ലി
ഒലിവ് ഓയിൽ - 1 ടീസ്പൂൺ
അറബിക് മസാല - 1/2 ടീസ്പൂൺ
ഡ്രൈ പാഴ്‌സി ലീഫ്സ് - 1/4 ടീസ്പൂൺ
ബട്ടർ - 1 ടീസ്പൂൺ

പച്ചക്കറികൾ ആവശ്യത്തിന്

കാരറ്റ്
കോളിഫ്ലവർ
ബേബി പൊട്ടറ്റോ
ചെറി ടൊമാറ്റോ
ബ്രോക്കോളി

തയാറാക്കുന്ന വിധം

▪️ മസാലപ്പൊടികളും  ഒലീവ് ഓയിലും ചതച്ച വെളുത്തുള്ളിയും പാഴ്‌സിയും  ഉപ്പും ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത്  കഴുകി വൃത്തിയാക്കി വരഞ്ഞ മീനിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ  വയ്ക്കുക. 

▪️ ചുവടു കട്ടിയുള്ള ഒരു പാനിൽ ബട്ടർ ഉരുക്കി ചെറുതായരിഞ്ഞ വെളുത്തുള്ളി  മൂപ്പിച്ച ശേഷം മീൻ ചേർത്ത് ചെറുതീയിൽ ഇരുവശങ്ങളും പാകപ്പെടുത്തിയെടുക്കുക. 

▪️ തിളച്ച വെള്ളത്തിലേക്ക് പച്ചക്കറികളും ഉപ്പും പച്ചക്കറികളുടെ നിറം നഷ്ടപ്പെടാതിരിക്കാൻ അല്പം പഞ്ചസാരയും ചേർത്ത്  വേവിച്ച് ഊറ്റിയെടുത്തു താല്പര്യമുണ്ടെങ്കിൽ മീൻ ഗ്രിൽ ചെയ്ത്  പാനിലുള്ള എണ്ണയിൽ  ചെറുതായി വഴറ്റുക.