ചിക്കൻ വിഭവങ്ങൾ വ്യത്യസ്തമായി തയാറാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. രുചികരമായ ചിക്കൻ വരട്ടും അതിലേക്ക് രണ്ട് ചേരുവകൾ ചേർത്തുള്ള ചിക്കൻ കറിയും എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ:

  • ചിക്കൻ - 1 കിലോ
  • സവാള - 2 എണ്ണം
  • ചെറിയ ഉള്ളി - അര കപ്പ്
  • പച്ചമുളക് - 4 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി - 1 ടേബിൾസ്പൂൺ
  • കാശ്മീരി മുളക്പൊടി - 1/2 ടേബിൾസ്പൂൺ
  • ഉപ്പ്‌ - ആവശ്യത്തിന്
  • നാരങ്ങ നീര് - 1
  • കറി വേപ്പില
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

തയാറാകുന്ന വിധം:

മഞ്ഞൾപ്പൊടി, മുളകുപൊടി,കാശ്മീരി മുളകുപൊടി, ഉപ്പ്‌, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത്‌ ചിക്കൻ കഷങ്ങൾ അര മണിക്കൂർ മാരിനേറ്റ് ചെയ്യുക.

ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക, സവാള ചേർക്കുക, നന്നായി വഴറ്റുക തുടർന്നു ചെറിയ ഉള്ളി ചേർക്കുക. ഉള്ളിയുടെ നിറം മാറേണ്ട ആവശ്യമില്ല. മാരിനേറ്റ് ചെയ്ത ചിക്കൻ ചേർക്കുക, നന്നായി കൂട്ടികലർത്തുക. കുറച്ചു വെള്ളം ചേർത്ത് 10 മിനിറ്റ് മൂടി വയ്ക്കുക. ശേഷം കുരുമുളക് പൊടി, കറിവേപ്പില, നാരങ്ങ നീര് എന്നിവ ചേർക്കാം. വറ്റുന്നതു വരെ വഴറ്റിയെടുത്താൽ ചിക്കൻ വരട്ട് റെഡി.

ഇനി നമുക്കു കറിയിലേക്ക്‌ പോകാം. ഈ ചിക്കൻ വരട്ടിലേക്ക് 1/2 ടീസ്പൂൺ ഗരംമസാലയും ഒരു ഗ്ലാസ് കട്ടിയുള്ള തേങ്ങാപ്പാലും ചേർക്കാം. നന്നായി മിക്സ് ചെയ്യുക. തീ അണയ്ക്കുക. രുചികരമായ ചിക്കൻ കറി തയാറായിക്കഴിഞ്ഞു.

English Summary: Nadan Chicken Recipe in Kerala Style