ഉരുളക്കിഴങ്ങ് കൊണ്ട് വളരെ എളുപ്പത്തിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരം.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 7 എണ്ണം
  • ഉപ്പ് - 1 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • അവൽ പൊടിച്ചത് - 3/4 കപ്പ്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യം തന്നെ ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക. ഒട്ടും കട്ടകൾ ഉണ്ടാകാത്ത രീതിയിൽ വേണം ഉടച്ചെടുക്കാൻ. ഇതിലേക്ക് ഉപ്പും കുരുമുളകു പൊടിയും ചേർത്ത്  യോജിപ്പിക്കുക. അവൽ പൊടിച്ചത് കുറശ്ശേ ചേർത്ത് നന്നായി കുഴച്ചെടുക്കുക. കയ്യിൽ ഒട്ടിപ്പിടിക്കാത്ത പരുവത്തിൽ കുഴച്ചെടുക്കുക.

ശേഷം ഒരു ബട്ടർ പേപ്പറിലേക്ക് മാറ്റി കൈകൊണ്ട് അല്പം കനത്തിൽ പരത്തി എടുക്കുക. പിന്നീട്  കത്തി കൊണ്ട് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക.ഇവിടെ ചതുരക്കഷണങ്ങളായി ആണ്   മുറിച്ച് എടുത്തിട്ടുള്ളത്. ശേഷം ഇത് എണ്ണയിൽ വറുത്ത് കോരുക. ഇടത്തരം തീയിൽ വേണം പാകം ചെയ്ത് എടുക്കാൻ.

ഇഷ്ടമുള്ള സോസിന്റെയോ ചട്നിയുടെയോ കൂടെ വിളമ്പാം.