ഞൊടിയിടയിൽ ചിരവയില്ലാതെ തേങ്ങ തിരുമ്മിയെടുക്കാം, ഇതാ രണ്ടു വഴികൾ
തേങ്ങാ തിരുമ്മലാണ് വീട്ടമ്മമാരെ കുഴയ്ക്കുന്നൊരു പ്രധാന ജോലി. തേങ്ങാ ചേർക്കാതെയുള്ള പാചകരുചികളും വളരെക്കുറവ്. ഇതാ ഒരു എളുപ്പവഴി, രണ്ടോ മൂന്നോ മിനിറ്റു കൊണ്ട് ഒരു തേങ്ങ നല്ല ഭംഗിയായി തിരുമ്മിയെടുക്കാം. ഇതിന് ചിരവയും വേണ്ട!, ചിരവയില്ലാതെ എങ്ങനെ തേങ്ങാ തിരുമ്മാം എന്നു പരിചയപ്പെടുത്തുകയാണ് ‘കറി വിത്ത് അമ്മ’യെന്ന യൂട്യൂബ് ചാനൽ. രണ്ടു രീതിയിൽ തേങ്ങാ പീര തയാറാക്കാനുള്ള വഴികളാണിതിൽ പറയുന്നത്. ഇങ്ങനെ തേങ്ങ തിരുമ്മി ചെറിയ പാത്രങ്ങളിലാക്കി സൂക്ഷിച്ചാൽ ജോലിക്കാർക്ക് എളുപ്പത്തിൽ അടുക്കള ജോലികൾ തീർക്കാൻ സാധിക്കും.
തേങ്ങാ ഫ്രീസറിൽ സൂക്ഷിച്ച്...
∙നാര് കളഞ്ഞ് വൃത്തിയാക്കിയ ഒരു തേങ്ങ എടുക്കുക. ഇത് ഒരു കവറിലാക്കി 12 മണിക്കൂർ ഈ തേങ്ങ ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുക്കുക. 12 മണിക്കൂറിനു ശേഷം തേങ്ങ അരമണിക്കൂർ നേരം വെളിയിൽ വയ്ക്കുക അല്ലെങ്കില്‍ ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് തേങ്ങ വെള്ളത്തിൽ 10 മിനിറ്റ് നേരം മുക്കി ഇടുക. അതാണ് ഏറ്റവും നല്ലത്. അതിനുശേഷം കത്തിയോ വെട്ടുകത്തിയോ ഉപയോഗിച്ച് ഈ തെങ്ങ പൊട്ടിക്കാം. തേങ്ങയുടെ കട്ടിയുള്ള ലൈനിൽ മാത്രം തട്ടിക്കൊടുക്കുക. ഇങ്ങനെ ചെയ്താൽ കൃത്യം നേർപകുതിയായി തേങ്ങ പൊട്ടിക്കാൻ സാധിക്കും. ഇത് ഫ്രീസറിൽ വച്ചതുകൊണ്ട് തേങ്ങാവെള്ളം കട്ടിയായി ഇരിക്കും ഇത് സൂക്ഷിച്ചു വച്ചാൽ അപ്പം ഉണ്ടാക്കാൻ വേണ്ടി പിന്നീട് ഉപയോഗിക്കാം. ഇനി ഒരു കത്തി ഉപയോഗിച്ച് തേങ്ങയുടെ സൈഡിൽക്കൂടി പതുക്കെ ഒന്നു ചുറ്റിച്ചു കൊടുക്കാം ഇങ്ങനെ ചിരട്ടയിൽ നിന്നും അടർത്തിയെടുത്ത തേങ്ങയിൽ അതിന്റെ ബ്രൗണ്‍ കളറിലുള്ള തൊലിയുണ്ടെങ്കിൽ അത് പീലർ ഉപയോഗിച്ചോ കത്തി ഉപയോഗി ച്ചോ നീക്കം ചെയ്യുക. അതിനുശേഷം ഒരു തുണി ഉപയോഗിച്ചോ നന്നായി തുടച്ചെടുക്കുക. വെള്ളമയം മാറാനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ഇത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഈ കഷണങ്ങൾ ഒരു മിക്സിയുടെ ചെറിയ ജാറിൽ മൂന്ന് നാല് പ്രാവശ്യമായി അടിച്ചെടുക്കാം. ചിരവ യിൽ ചിരകിയ പോലെയുള്ള തേങ്ങാപീര റെഡി.
പെട്ടെന്ന് തേങ്ങാ തിരമ്മിക്കിട്ടാൻ രണ്ടാമത്തെ വഴി
∙ ഒരു തേങ്ങ പൊട്ടിച്ച് രണ്ടു മുറിയാക്കുക. അതിനുശേഷം ആദ്യം സ്റ്റൗ കത്തിച്ച് ഒരു മുറി ഒരു കൊടിലുകൊണ്ട് (പകട് ഉപയോഗിച്ച്) പിടിച്ച് ചിരട്ട ഭാഗം ഫ്ളെയിമിലേക്ക് വച്ച് നന്നായി ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോൾ തേങ്ങ ചിരട്ടയിൽ നിന്ന് പെട്ടെന്ന് വിട്ടു പോരും. ഒരുമിനിറ്റ് നേരം ചിട്ടയുടെ എല്ലാ ഭാഗത്തു ചൂട് കിട്ടുന്ന രീതിയിൽ ഇങ്ങനെ ചെയ്യുക. ഫ്രീസറിൽ വയ്ക്കാൻ മറന്നു പോകുകയോ പെട്ടെന്ന് തേങ്ങ ചിരകിയത് ആവശ്യമായി വരുകയോ ചെയ്താൽ ഈ രീതിയിൽ ചെയ്യാവുന്നതാണ്. ചിരട്ട ചൂടായിക്കഴിഞ്ഞാൽ തണുത്തശേഷം ഒരു കത്തി ഉപയോഗിച്ച് ചിരട്ടയിൽ നിന്ന് തേങ്ങ അടർത്തിയെടുത്ത് ഒരു മിക്സിയുടെ ജാറിൽ തേങ്ങ ചെറിയ കഷണങ്ങളായി മുറിച്ചിട്ട് അടിച്ചെടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ തേങ്ങയുടെ പുറമേയുള്ള തൊലിയോട് കൂടി തന്നെയാണ് മിക്സിയിൽ ഇടുന്നത്. അതുകൊണ്ട് ഈ തേങ്ങാ പീരയ്ക്ക് ആദ്യം ചെയ്ത രീതിയിൽ ചെയ്യുമ്പോൾ കിട്ടുന്ന അത്ര കളറുണ്ടാവില്ല.
English Summary: Easy Way to Scrape Coconut