രുചിയുടെ വെടിക്കെട്ടുമായി ഗുജറാത്തി ലപ്സി
ഗുജറാത്തി സ്പെഷൽ മധുരമാണ് ലപ്സി. ഗോതമ്പും പാലും നെയ്യും ശർക്കരയും ഡ്രൈ ഫ്രൂട്സും ചേർന്നൊരു ഹെൽത്തി മധുരം. ദീപാവലി ആഘോഷത്തിന് എളുപ്പത്തിൽ തയാറാക്കാവുന്ന ലപ്സി ഹൽവയുടെ രുചിക്കൂട്ട്.
ചേരുവകൾ
- ഗോതമ്പ് മുളപ്പിച്ചത് - 300 ഗ്രാം
- നെയ്യ് - 3 ടേബിൾ സ്പൂൺ
- പാൽ - 1/2 ലിറ്റർ
- ശർക്കര - 250 ഗ്രാം
- പെരുംജീരകം - 1 ടീ സ്പൂൺ
- പട്ട - 2 കഷ്ണം
- ഏലക്കായ -3-4 എണ്ണം
- അണ്ടിപരുപ്പ്
- വാൾനട്ട്
തയാറാക്കുന്ന വിധം
- ഗോതമ്പ് നന്നായി കഴുകി ഒരു തുണിയിൽ കെട്ടി വയ്ക്കുക. ഇത് ഇടയ്ക്കൊന്നു നനച്ചു കൊടുക്കുക. 2 ദിവസം ആവുമ്പോഴേക്കും മുളച്ചു തുടങ്ങും. ഇത് മിക്സിയിൽ അരച്ച് വയ്ക്കാം.
- ഒരു ചീനച്ചട്ടിയിൽ നെയ്യൊഴിച്ച്അരച്ച് വെച്ച ഗോതമ്പ് ചേർത്ത് നന്നായി വഴറ്റുക. എണ്ണ മയം ഇല്ലാതാവുമ്പോൾ നെയ്യൊഴിച്ചു കൊടുക്കാവുന്നതാണ്. ഇത് ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റുക. 10 മിനിറ്റോളം വഴറ്റുക.
- ഒരു പാനിൽ പാൽ ചൂടാക്കുക. ഇതിലേക്ക് പെരുംജീരകം, പട്ട, ഗ്രാമ്പു എന്നിവ ചേർക്കുക. തിളച്ചു തുടങ്ങുമ്പോൾ വാങ്ങി വയ്ക്കാം.
- പാൽ അരിച്ച് ഗോതമ്പിലേക്കു ചേർക്കുക. നന്നായി തിളച്ചു കുറുകി വരുമ്പോൾ ശർക്കര ചേർക്കുക. വീണ്ടും വഴറ്റുക. ഗോതമ്പ് മിശ്രിതം നന്നായി വഴന്ന് വരുമ്പോൾ ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്ട്സ് ചേർക്കാം. അതിന് ശേഷം ഒരു പരന്ന പാത്രത്തിൽ ഒഴിച്ച് വയ്ക്കുക. 5-6 മണിക്കൂറിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക.