പൊറോട്ട ഉണ്ടാക്കുകയെന്നു പറഞ്ഞാൽ ആകെപ്പാടെ ഒരു പുകിലാണ്. അടുക്കളമൊത്തം വൃത്തികേടാകാതെ  വളരെ എളുപ്പത്തിൽ തട്ടുകട സ്റ്റൈൽ പൊറോട്ട, മുട്ട ചേർക്കാതെ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • മൈദ – 2 കപ്പ്‌  (7 മീഡിയം സൈസ് പൊറോട്ട തയാറാക്കാം)
  • വെള്ളം – മാവ് കുഴച്ചെടുക്കാൻ ആവശ്യമുള്ള 
  • ഉപ്പ് – ആവശ്യത്തിന് 
  • പഞ്ചസാര -1 ടീസ്പൂൺ 
  • വെജിറ്റബിൾ ഓയിൽ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ചേർത്ത് നന്നായി കുഴയ്ക്കുക. പത്തു മിനിറ്റിനുള്ളിൽ നല്ല സോഫ്റ്റ്‌ മാവ് റെഡിയാകും, അതിനു ശേഷം കുഴച്ച മാവ് ഒരു പാത്രത്തിൽ ഒരു മണിക്കൂർ അടച്ചു വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഏഴു വലിയ ബോൾ ആക്കി എടുക്കുക. ഓരോ ബോളും ചപ്പാത്തി പലകയിൽ വെച്ചു എണ്ണ നന്നായി പുരട്ടി, ചപ്പാത്തി പലകയുടെ വലുപ്പത്തിൽ നൈസ് ആയി പരത്തുക. പരത്തിയ ശേഷം എണ്ണ നന്നായി മുകളിൽ തേയ്ക്കുക. മുകളിൽ നിന്നും സാരീ പ്ലീറ്റ് എടുക്കും പോലെ ഞൊറിഞ്ഞ് എടുക്കുക. ഇത് കയ്യിൽ എടുത്തു രണ്ട് ഭാഗത്തു നിന്നും പലകയിലേക്കു അടിച്ചു നീട്ടി, ചുറ്റി വയ്ക്കുക. ഈ ചുറ്റിയ മാവ്  കൈ ഉപയോഗിച്ച് പരത്തി വട്ടത്തിലാക്കുക. എന്നിട്ടു എണ്ണ തടവിയ ഇരുമ്പിന്റെ തവയിൽ തിരിച്ചും മറിച്ചും എണ്ണ തൂവി ചുട്ട് എടുക്കുക. ചൂടോടെ കൈ കൊണ്ട് അമർത്തിയെടുത്താൽ നല്ല അടുക്കുകളായി കിട്ടും. നല്ല ലയർ ഉള്ള തട്ടുകട സ്റ്റൈൽ പൊറോട്ട റെഡി.

English Summary: Thattukada Style Porotta without Egg