മലബാർ രുചിയിൽ വറുത്തരച്ച സാമ്പാർ
സാമ്പാർ രുചിയിൽ ഓരോ നാടിനും ഓരോ രുചിയാണ്. ഇതാ തേങ്ങാ വറുത്തരച്ച മലബാർ സ്റ്റൈൽ സാമ്പാർ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
നാളികേരം വറുക്കാൻ
- നാളികേരം ചിരകിയത് - 1 1/2 കപ്പ്
- ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ
- തുവര പരിപ്പ് - 1 ടേബിൾ സ്പൂൺ
- കുരുമുളക് - 1 ടീസ്പൂൺ
- വറ്റൽ മുളക് - 2 എണ്ണം
- ചെറിയ ഉള്ളി - 10 എണ്ണം
- വെളുത്തുള്ളി – 7 അല്ലി
- കായം - 2 ചെറിയ കഷ്ണം
- കറിവേപ്പില - ഒരു തണ്ട്
- ഉലുവ - ഒരു നുള്ള്
- ചെറിയ ജീരകം - ഒരു നുള്ള്
- വെളിച്ചെണ്ണ- 3 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി - 1 ടീ സ്പൂൺ
- തുവര പരിപ്പ് (കുതിർത്ത് വെച്ചത്) - 1 കപ്പ്
- സവാള - 2 ഇടത്തരം
- കാരറ്റ് - 2 ഇടത്തരം
- പച്ചമുളക് - 3 -4 എണ്ണം
- മുരിങ്ങക്ക - 2 എണ്ണം
- വെള്ളരിക്ക - അര കഷ്ണം( ഒരു വലിയ വെള്ളരിക്കയുടെ)
- വഴുതനങ്ങ - 2 എണ്ണം
- തക്കാളി - 2 എണ്ണം
- വെണ്ടയ്ക്ക – 8-10 എണ്ണം
- മല്ലിയില - ആവശ്യത്തിന്
- പുളി - നെല്ലിക്ക വലുപ്പത്തിൽ
- മഞ്ഞൾപ്പൊടി - 3/4 ടീസ്പൂൺ
- മുളകുപൊടി - 2 ടീസ്പൂൺ
- മല്ലിപ്പൊടി - 1 1/2 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- ഉലുവ - 1/4 ടീസ്പൂൺ
- വറ്റൽ മുളക് - 3 എണ്ണം
- കറിവേപ്പില - 2 തണ്ട്
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ നാളികേരം ചിരകിയത്, ഉഴുന്ന് പരിപ്പ്, തുവരപ്പരിപ്പ് ,കുരുമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, കായം, കറിവേപ്പില, ഉലുവ ജീരകം എന്നിവ ചേർത്ത് ഇളക്കുക. ചെറുതായി മൂത്തു തുടങ്ങുമ്പോൾ അതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.നാളികേരം നന്നായി ബ്രൗൺ ആകുമ്പോൾ അതിലേക്ക് മല്ലിപ്പൊടി ചേർത്ത് യോജിപ്പിക്കുക. ചൂടാറിയ ശേഷം കുറച്ച് വെള്ളം ചേർത്ത് ഇത് നന്നായി അരച്ചെടുക്കുക.
ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി എടുത്ത് അല്പം വെള്ളത്തിൽ 15 മുതൽ 20 മിനിറ്റ് വരെ കുതിരാൻ വയ്ക്കുക.
ഒരു കുക്കറിൽ കുതിർത്തു വച്ച് തുവരപ്പരിപ്പ്, സവാള, കാരറ്റ്, പച്ചമുളക് ,വെള്ളരിക്ക, മുരിങ്ങക്ക എന്നിവ ചേർത്ത് അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, രണ്ട് കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചശേഷം മീഡിയം തീയിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക.
മുഴുവൻ ആവിയും പുറത്തു പോയതിനു ശേഷം കുക്കർ തുറന്ന് ഇതിലേക്ക് 2 ടീസ്പൂൺ ഉപ്പ്, പുളി വെള്ളം എന്നിവ ചേർക്കുക. തീ കത്തിച്ചു നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന വഴുതനങ്ങ, തക്കാളി, വെണ്ടയ്ക്ക എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇത് നന്നായി തിളപ്പിക്കുക. പച്ചക്കറികളെല്ലാം പാകത്തിന് വെന്തു വരുന്നതു വരെ വേവിക്കുക. ഇതിലേക്ക് നേരത്തെ അരച്ചുവെച്ചിരിക്കുന്ന തേങ്ങ ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളവും ചേർത്ത് (ഏകദേശം ഒന്നു മുതൽ ഒന്നര കപ്പ് വരെ) നന്നായി തിളപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് മല്ലിയിലയും ചേർക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഇതിലേക്ക് കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് തയാറാക്കിവെച്ചിരിക്കുന്ന സാമ്പാറിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക. രുചികരമായ മലബാർ സ്റ്റൈൽ വറുത്തരച്ച സാമ്പാർ റെഡി.
English Summery : Malabar Style Varutharacha Sambar