ഉള്ളിൽ മയൊണൈസ് നിറച്ച് പൊരിച്ചെടുക്കുന്ന രുചികരമായ കട്​ലറ്റ് റെസിപ്പി.

ചേരുവകൾ

  • ചിക്കൻ- 100 ഗ്രാം
  • മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
  • മുളകുപൊടി -1 ടീസ്പൂൺ
  • മല്ലിപ്പൊടി -1/2 ടീസ്പൂൺ
  • മല്ലിയില-ആവശ്യത്തിന്  
  • സവാള -1
  • പച്ചമുളക്-2
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • ഉരുളക്കിഴങ്ങ് - 3 ചെറുത് 
  • ബ്രഡ് പൊടിച്ചത് - ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 
  • ഓയിൽ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ചിക്കൻ ആവശ്യത്തിന് ഉപ്പും 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ഗ്ലാസ് വെള്ളവും ചേർത്ത് വേവിച്ചെടുക്കാം. വേവിച്ച ചിക്കൻ ചെറിയ കഷണങ്ങളാക്കി മാറ്റി വയ്ക്കാം.  ചിക്കൻ വേവിച്ചെടുത്ത വെള്ളവും കാൽ ഗ്ലാസ് മാറ്റി വയ്ക്കുക.

ഒരു മുട്ട ബീറ്റ് ചെയ്ത് മാറ്റി വയ്ക്കുക. മൂന്ന് ഉരുളക്കിഴങ്ങ് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് വേവിച്ച് നല്ലവണ്ണം ഉടച്ച് മാറ്റിവയ്ക്കുക. 

ചൂടായ പാനിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പച്ചമണം മാറുന്നതുവരെ വഴറ്റി എടുക്കാം. അതിനുശേഷം ഒരു മീഡിയം സവാള  ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് പാനിൽ വഴറ്റിയെടുക്കാം. ചിക്കൻ േവവിച്ച വെള്ളവും ഒഴിക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ മല്ലിപ്പൊടി ആവശ്യത്തിനുള്ള ഉപ്പ്, ഒരു ടീസ്പൂൺ ഗരം മസാല പൊടിയും ഇട്ട് നല്ലവണ്ണം മിക്സ് ചെയ്ത് മസാലയുടെ പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കുക.  ഇതിലേക്ക് അരിഞ്ഞു വച്ച ഒരു ചെറിയ കഷണം കാപ്സിക്കം ഇട്ട് വഴറ്റുക ഇതിലേക്ക് ഒരു കൈ പിടി മല്ലിയില അരിഞ്ഞതും ചേർക്കാം.

തയാറാക്കി വച്ചിരിക്കുന്ന ചിക്കനിലേക്ക് ഈ മസാല ഇട്ടുകൊടുക്കാം,. ഉടച്ചു മാറ്റിവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർക്കാം. ഇത് നന്നായി കൈകൊണ്ട് യോജിപ്പിച്ച് എടുക്കുക .ഒരു നാല് ടേബിൾസ്പൂൺ ബ്രഡ് പൊടിയും ഇതിലേക്ക് ഇട്ട് നല്ലവണ്ണം യോജിപ്പിക്കുക. ഓരോ ഉരുളകളാക്കി ഉരുട്ടി കൈപ്പത്തിയിൽ വെച്ച് പരത്തി ഒരു ടീസ്പൂൺ മയോണൈസ്  ഇട്ടു  മയോണിസ് കവർ ചെയ്യാൻ വീണ്ടും ഒരു അല്പം മസാല മുകളിൽ വെച്ച് ഷേപ്പ് ആക്കി എടുക്കാം. മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ റോൾ ചെയ്ത് പൊരിച്ചെടുക്കാം.