അട പ്രഥമൻ എളുപ്പത്തിൽ തയാറാക്കാം
മലയാളിയുടെ ഏതു ആഘോഷത്തിലും തീൻ മേശയിലെ താരമാണ് ആരെയും കൊതിപ്പിക്കുന്ന അട പ്രഥമൻ, വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- അട – 200 ഗ്രാം
- ശർക്കര – 2 വലുത് (കറുത്ത കളർ ശർക്കര എടുത്താൽ പായസത്തിനു നല്ല നിറം ലഭിക്കും )
- നെയ്യ് – 3 ടീസ്പൂൺ
- പഞ്ചസാര – അര കപ്പ്
- തേങ്ങാപ്പാൽ – 2 കപ്പ് (രണ്ടാം പാൽ )
- തേങ്ങാപ്പാൽ – 1 കപ്പ് (ഒന്നാം പാൽ )
- ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂൺ
- ചുക്ക് പൊടിച്ചത് – 1 ടീസ്പൂൺ
- അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം 4 കപ്പ് വെള്ളം ഒരു പത്രത്തിൽ എടുത്ത് നന്നായി തിളപ്പിക്കുക അതിൽ അട വേവിച്ചെടുക്കാം. ആ സമയം കൊണ്ട് ശർക്കര പാവ് റെഡിയാക്കിയെടുക്കാം. അര കപ്പ് വെള്ളത്തിൽ 2 ശർക്കര ഉരുക്കി എടുക്കാം, ഉരുക്കിയെടുത്തതിന് ശേഷം അരിച്ചെടുത്ത് മാറ്റിവയ്ക്കാം.
അട വെന്ത ശേഷം പച്ചവെള്ളത്തിൽ രണ്ടു തവണ ഉറ്റി എടുക്കാം, ശേഷം വേറെ ഒരു പാൻ വെച്ച് അതിൽ 1 ടിസ്പൂൺ നെയ്യ് ഇട്ട് അതിലേക്ക് ഊറ്റിവെച്ച അട ചേർത്തുകൊടുത്തു നന്നായി വഴറ്റി എടുക്കുക. ശേഷം മാറ്റി വെച്ചിരുന്ന ശർക്കര ഉരുകി എടുത്ത് അരിപ്പയിൽ അരിച്ചു കുറേശെ ഒഴിച്ച് കൊടുത്ത് നന്നായി യോജിപ്പിക്കുക. ഇവ എല്ലാം നന്നായി കുറുകി വരുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്തുകൊടുക്കാം.
ഇനി ഇവ നന്നായി കട്ടിയായി വരുമ്പോൾ അതിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കാം. ഇതു പായസത്തിന്റെ രൂചിയും നിറവും മാറ്റുന്നതാണ്, വീണ്ടും നന്നായി യോചിപ്പിച്ച് ഇതിലേക്ക് രണ്ടാം പാൽ രണ്ട് കപ്പ് ഒഴിച്ചുകൊടുക്കുക, ഇവ എല്ലാം ചേർന്ന് നന്നായി തിളച്ചു കുറുകിവരണം. ശേഷം ഇതിലേക്ക് ഇനി ഒന്നാം പാൽ ചേർത്തുകൊടുക്കുക, ഒന്നാം പാൽ ഒന്ന് ചൂടായതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യാം. പായസത്തിന്റെ രൂചി കൂട്ടാൻ ഒരു ടീസ്പൂൺ ഏലയ്ക്കാ പൊടിയും ചുക്ക് പൊടിയും ചേർക്കാം, അതിലേക്ക് നെയ്യിൽ അണ്ടി പരിപ്പും മുന്തിരിയും വറുത്തെടുത്ത് ചേർക്കാം. അട പ്രഥമൻ റെഡി.
English Summary: Ada Pradhaman Kerala Style