പാചകം എന്താണ്  എന്ന് അറിയാത്തവർക്ക്  പോലും ഇനി ബിരിയാണി തയാറാക്കാം, അതും കല്യാണ വീട്ടിലെ ബിരിയാണിയുടെ  അതെ രുചിയിൽ അതെ അളവിൽ, യാതൊരു എസെൻസും ചേർക്കാത്ത ബിരിയാണി.

ചേരുവകൾ 

1) ജീരകശാല അരി - 500ഗ്രാം 
2) മട്ടൺ - 250ഗ്രാം 
3) നെയ്യ് - 2 സ്പൂൺ 
4) എണ്ണ - 50മില്ലി 
5) പട്ട - 3 എണ്ണം
6) ഗ്രാമ്പു - 3 എണ്ണം
7) ഏലയ്ക്ക - 3 എണ്ണം
8) ബിരിയാണി  ഇല - 2 എണ്ണം
9) ഇഞ്ചി – വെളുത്തുള്ളി  പേസ്റ്റ് - 1 വലിയ സ്പൂൺ 
9) സവാള - 3
10) തക്കാളി - 4
11) പച്ചമുളക് - 2
12) മുളക് പൊടി - 1 സ്പൂൺ 
13) മഞ്ഞൾപ്പൊടി - 1/2സ്പൂൺ 
14) മല്ലിപൊടി - 1 സ്പൂൺ 
15) ബിരിയാണി മസാല - 1 സ്പൂൺ 
16) ഉപ്പ് - 11/2 സ്പൂൺ 
17) മല്ലിയില, പുതീന ഇല - 1 കൈ പിടി 
18) തൈര് -3 സ്പൂൺ 
19) നാരങ്ങ നീര് - 1 സ്പൂൺ 
20) ചെറിയുള്ളി -10 എണ്ണം 

തയാറാക്കുന്ന  വിധം

 • 2 കപ്പ്‌ ജീരകശാല അരി 20 മിനിറ്റ് നേരത്തേക്ക് കഴുകി വെള്ളത്തിൽ ഇട്ട് വയ്ക്കുക.
 • ഒരു കുക്കറിൽ 250 ഗ്രാം മട്ടൺ, 1/2 സ്പൂൺ മുളകുപൊടി, 1/2സ്പൂൺ മല്ലിപൊടി, 1/2സ്പൂൺ ബിരിയാണി മസാല, 1/4 സ്പൂൺ ഉപ്പ്, തൈര്  -2സ്പൂൺ ചേർത്ത് 3 വിസിൽ വരുന്ന വരെ വേവിക്കുക 
• ബിരിയാണി  ചട്ടി ചൂടാക്കി അതിൽ നെയ്യും എണ്ണയും ചേർക്കുക, ഇതിലേക്ക് പട്ട, ഗ്രാമ്പു, ഏലയ്ക്കായ, ബിരിയാണി ഇല, ചെറിയ  ഉള്ളി ചതച്ചതും ചേർത്ത് വഴറ്റുക.
• ഇതിൽ  സവാള നീളത്തിൽ അരിഞ്ഞതും, അൽപം  ഉപ്പും ചേർത്ത് 2 മിനിറ്റ് നേരത്തേക്ക് വഴറ്റുക 
• തക്കാളി -2 എണ്ണം അരിഞ്ഞത്, മല്ലി ഇല, പുതീന ഇല എന്നിവ ചേർത്ത് വീണ്ടും 2 മിനിറ്റ് നേരത്തേക്ക് വഴറ്റുക. 
• തൈര്, നാരങ്ങാനീര്, രണ്ട് തക്കാളി അരച്ചെടുത്തതും  ചേർക്കാം.
• മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉപ്പ്, ബിരിയാണി മസാല എന്നിവ ചേർക്കാം.
• 2 കപ്പ്‌ അരിക്ക് 3 1/2 കപ്പ്‌ വെള്ളം ചേർത്ത് കൊടുക്കുക (1 :1 3/4)
• വെള്ളം തിളച്ചു  വരുമ്പോൾ അതിൽ വേവിച്ച മട്ടൺ ചേർക്കുക, അരിയും ഇട്ട് 5 മിനിറ്റ്  നേരത്തേക്ക് കൂടിയ തീയിൽ വേവിക്കുക 
• 5 മിനിറ്റ് നേരത്തേക്ക് ദം  ചെയ്യുക 
• 10 മിനിറ്റിനു ശേഷം വിളംമ്പാം.

English Summary: Mutton Biryani Recipe