കോക്കനട്ട് ബൺ വീട്ടിൽ തയാറാക്കാം
അവ്ൻ ഇല്ലാതെ ബേക്കറിയിൽ കിട്ടുന്നതു പോലുള്ള കോക്കനട്ട് ബൺ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
1. പഞ്ചസാര- 1 ടീസ്പൂൺ
2. യീസ്റ്റ്- 1 ടീസ്പൂൺ
3. ഇളം ചൂട് വെള്ളം - 1/4കപ്പ്
4. മൈദ - 2കപ്പ്
5. ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
6. പഞ്ചസാര - 3 ടീസ്പൂൺ
7. പാൽപ്പൊടി -ഒരു വലിയ സ്പൂൺ
8. തേങ്ങാ –1/2 മുറി
9. കിസ്മിസ് അണ്ടിപ്പരിപ്പ് ചെറി എന്നിവ പാകത്തിന്
10. കശകശ -1/4 ടിസ്പൂൺ
പാകം ചെയ്യുന്ന വിധം
1. പഞ്ചസാരയും യീസ്റ്റും ഇളം ചുടുള്ള വെള്ളത്തിൽ ഇട്ട് നന്നായി യോജിപ്പിച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക.
2. മൈദയും ബേക്കിങ് പൗഡറും അരിച്ചെടുത്ത് പാൽപ്പൊടിയും പഞ്ചസാരയും ഒരു നുള്ള് ഉപ്പും 1 ടീസ്പൂൺ ബട്ടറും ചേർത്ത് നന്നായി യോജിപ്പിക്കുക.
3. ഇതിലേക്ക് ആവശ്യത്തിന് ഇളം ചുടുള്ള വെള്ളവും ചേർത്ത് കുഴച്ച് 1 മണിക്കൂർ മാറ്റി വയ്ക്കുക.
4. 1 ടീസ്പൂൺ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് കോരുക.
5. ഇനി തീ ഓഫാക്കി തേങ്ങയും പഞ്ചസാരയും ചേർത്ത് ഇളക്കി പഞ്ചസാര അലിഞ്ഞു വന്നതിനു ശേഷം കശകശ, അണ്ടിപരിപ്പ്, ഏലയ്ക്കാ പൊടിച്ചത് എന്നിവ ചേർത്ത് യോജിപ്പിച്ച് ചുടാറാനായി മാറ്റി വയ്ക്കുക.
6. കുഴച്ചു വെച്ച മാവ് ആവശ്യത്തിന് പൊടി ചേർത്ത് നന്നായി കുഴച്ച്, ഒരേ വലുപ്പത്തിൽ ഉള്ള ഉരുളകളാക്കി ചപ്പാത്തിക്ക് പരത്തുന്നതു പോലെ 1/4 ഇഞ്ച് കനത്തിൽ പരത്തി അലുമീനിയം പേപ്പറിൽ പൊതിഞ്ഞു 15 മിനിറ്റ് സമയത്തേക്ക് മാറ്റി വയ്ക്കുക.
7. അടി കട്ടിയുള്ള വലിയ അലുമീനിയം പാത്രത്തിൽ അര പാക്കറ്റ് കല്ലുപ്പ് ഇട്ട് ഒരു സ്റ്റാൻഡ് വെച്ച് 10 മിനിറ്റ് തീകൂട്ടി ചൂടാക്കുക.
8. ഒരു ഇരുമ്പ് ദോശ കല്ല് ചൂടാക്കി വയ്ക്കുക.
9. പരത്തി എടുത്ത ബണ്ണിനു മുകളിൽ ആവശ്യത്തിന് തേങ്ങാ കൂട്ട് വെച്ച് മറ്റൊരു ബൺ കൊണ്ട് മൂടി മുട്ടയുടെ മഞ്ഞക്കരു അടിച്ച് പതിപ്പിച്ചത് ഒരു ബ്രഷ് കൊണ്ട് എല്ലാ വശവും ഒരേ പോലെ പുരട്ടി എടുക്കുക. വെണ്ണ പുരട്ടിയ ബേക്കിങ് ട്രേയിൽ ഇറക്കിവയ്ക്കാം, അടച്ച ശേഷം മുകളിൽ ചൂടാക്കിയ ഇരുമ്പ് ദോശക്കല്ലും വയ്ക്കാം. 40 മിനിറ്റ് തീ കുറച്ചു വച്ച് ബേക്ക് ചെയ്യാം.
ബൺ ബേക്ക് ആയത്തിനു ശേഷം ബട്ടർ തടവി ഒരു ടവലിൽ പൊതിഞ്ഞു മാറ്റി വയ്ക്കുക. ചൂടാറിയ ശേഷം ഉപയോഗിക്കാം. നല്ല ഫ്രെഷ് കോക്കനട്ട് ബൺ റെഡി.
English Summary: Coconut Bun without Oven