തിരക്കുപിടിച്ച ദിവസങ്ങളിലും മടിപിടിച്ച ദിവസങ്ങളിലും തയാറാക്കാവുന്ന വിഭവം. ഏതു കറിയും ഇതിനൊപ്പം കൂട്ടാം, നോൺ വെജ് ഇല്ലെങ്കിൽ ചട്ണി ഒഴിച്ചും കഴിക്കാം. 

ചേരുവകൾ

  • പച്ചരി - 1 കപ്പ്‌ 
  • ചോറ് - 3/4 കപ്പ്
  • തേങ്ങ - 1 കപ്പ്‌ 
  • ഉപ്പ്  - ആവശ്യത്തിന് 
  • വെള്ളം - 1/2കപ്പ്‌ 

തയാറാക്കുന്ന വിധം

പച്ചരി നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ചതിനു ശേഷം നന്നായി കഴുകി എടുക്കുക. ശേഷം ഒരു കപ്പ് പച്ചരി ഒരു കപ്പ് തേങ്ങ മുക്കാൽ കപ്പ് ചോറ് എന്നിവയിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് അരി നികക്കെ വെള്ളമൊഴിച്ച് മിക്സിയിൽ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മാവ് തയാറാക്കുമ്പോൾ വെള്ളം കൂടി പോകരുത്. 

തയാറാക്കിയ മാവ് ഇ‍ഡ്ഡലി പാത്രത്തിൽ വയ്ക്കാവുന്ന എണ്ണ പുരട്ടിയ പ്ലേറ്റിൽ ഒന്നോ രണ്ടോ തവി ഒഴിച്ചു കൊടുക്കുക. അടച്ച് രണ്ടു മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. രണ്ടു മിനിറ്റിനുശേഷം അടപ്പ് തുറന്നു നോക്കുക ആദ്യം ഒഴിച്ച മാവ് സെറ്റ് ആയിട്ടുണ്ടാവും ഇതിന്റെ മുകളിൽ കുറച്ച് ഓയിൽ തടവി വീണ്ടും ഒന്നോ രണ്ടോ തവി മാവ് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ നാല് ലെയർ വരെ മാവ് ഒഴിച്ചു കൊടുക്കാം. സ്വാദിഷ്ടമായ അട്ടി പത്തിൽ അല്ലെങ്കിൽ കിണ്ണത്തിൽ പാർന്നത് റെഡി.

English Summary: Thalassery Special Orotti