ഷേക്ക്, ജ്യൂസ്, പുഴുക്ക് എന്നിങ്ങനെ വിവിധ രൂപത്തിലും രുചിയിലും ശോഭിക്കുന്ന ചക്കപ്പഴം. അധികം പഴുക്കാത്ത ചക്കചുള നിറച്ച് പൊരിക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ 

  • ചക്ക ചുളയാക്കിയത്- 10 -15 എണ്ണം (അധികം പഴുക്കാത്തത്)
  • നെയ്യ് -2 ടേബിൾ സ്പൂൺ
  • അണ്ടിപരിപ്പ് -10 എണ്ണം നുറുക്കിയത് 
  • ഉണക്ക മുന്തിരി - 10 എണ്ണം 
  • അവൽ - 3 ടേബിൾ സ്പൂൺ
  • തേങ്ങാ ചിരവിയത് - ഒരു തേങ്ങയുടെ പകുതി 
  • പഞ്ചസാര - 3 ടേബിൾ സ്പൂൺ
  • ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂൺ

മാവ് തയാറാക്കാൻ

  • മൈദ - 2 കപ്പ് 
  • അരിപ്പൊടി - 3 ടേബിൾ സ്പൂൺ
  • ഉപ്പ് - 1 നുള്ള്
  • മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ - പൊരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം :

1. ചക്ക ചുള കുരു കളഞ്ഞ് എടുക്കാം.
2. ഫില്ലിംഗ് റെഡിയാകാനായി ഒരു ഫ്രൈയിങ് പാൻ ചൂടാക്കി രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കാം. നെയ്യ് ചൂടായാൽ അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കാം. ഇതിലേക് അവൽ ചേർക്കുക. 2 മിനിറ്റ് വറുത്തതിനു ശേഷം തേങ്ങാ ചേർക്കുക. ചൂടായികഴിയുമ്പോൾ പഞ്ചസാരയും ഏലയ്ക്കാ പൊടിയും ചേർക്കുക. ഗോൾഡൻ കളർ ആവുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.
3. മാവ് തയാറാക്കാൻ ഒരു ബൗളിലേക്ക് മൈദ , അരിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ഇട്ട് പാകത്തിന് വെള്ളമൊഴിച്ച്  കലക്കി എടുക്കുക.  മാവ് അധികം ലൂസ് ആവരുത്.
4. തയാറാക്കിയ ഫില്ലിംഗ് ചക്ക ചുളകളിൽ നിറച്ചെടുക്കാം.
5. പൊരിക്കാനായി ഒരു പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ച്  കൊടുക്കുക. ചക്ക ചുളകൾ ഓരോന്നായി മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. ഇരു വശവും സ്വർണ്ണ നിറം ആകുന്നതു വരെ ഫ്രൈ ചെയ്തെടുക്കാം.

English Summary: Stuffed Jackfruit Fritters Recipe