ബ്രഡ് ഉപയോഗിച്ച് എളുപ്പത്തിലൊരു പ്രഭാത ഭക്ഷണം
ബ്രഡ് ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പ്രഭാതഭക്ഷണമാണിത്. വെജിറ്റബിൾ സാൻഡ്‌വിച്ച്, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും.
ചേരുവകൾ :
1. ബ്രഡ് - 6 എണ്ണം
2. ഉരുളക്കിഴങ്ങു വേവിച്ചത് - 2 എണ്ണം
3. കാബേജ് - ചെറിയ കപ്പ്
4. വെണ്ണ - 2 ടീസ്പൂൺ
5. ചതച്ച മുളക് - 1 ടീസ്പൂൺ
6. ടൊമാറ്റോ സോസ് - 1/2 ടീസ്പൂൺ
7. എണ്ണ - 1 ടീസ്പൂൺ
8. കുരുമുളക് പൊടി - 1/4 ടീസ്പൂൺ
9. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
10. ഉപ്പ് - ആവശ്യത്തിന്
11. മല്ലിയില അരിഞ്ഞത്
തയാറാക്കുന്ന വിധം :
വേവിച്ച ഉരുളക്കിഴങ്ങു നന്നായി ഉടച്ച് എടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കാബേജ് വഴറ്റുക. മുക്കാൽ ഭാഗം വേവ് ആകുമ്പോൾ ഉടച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. അതിലേക്കു കുരുമുളകുപൊടി, ചതച്ച മുളക് എന്നിവ ഇട്ട് 2 മിനിറ്റ് ഇളക്കുക. തീ ഓഫ് ചെയ്യുന്നതിനു മുൻപ് ടൊമാറ്റോ സോസ് ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു മല്ലിയില ചേർത്ത് തണുക്കാൻ വയ്ക്കുക. ഒരു പാൻ ചൂടാക്കി കുറച്ച് വെണ്ണ ഇട്ട് അതിന്റെ മുകളിൽ 2 ബ്രഡ് വയ്ക്കുക. ഒരു ഭാഗം ചൂടായാൽ മറിച്ച് വച്ച് അതിന്റ നടുവിൽ വെജിറ്റബിൾ മിക്സ് വയ്ച്ച് മുകളിൽ ബ്രഡ് വച്ച് തിരിച്ചും മറിച്ചും മൊരിച്ചെടുക്കാം.
English Summary: Vegetable Sandwich