ഉപ്പും പുളിയും മീനിൽ പെട്ടെന്ന് പിടിക്കണോ?എങ്കിൽ ഇങ്ങനെ തയാറാക്കാം
Mail This Article
മീൻ കറി റെഡി ആകുമ്പോൾ ഉപ്പും പുളിയും എരിവും നന്നായി മീൻ കഷണത്തിൽ പിടിക്കാനും കുറുകിയ ചാറു കിട്ടാനും മീൻ കറി ഈ രീതിയിൽ തയാറാക്കാം.
ചേരുവകൾ
- മീൻ - 1 കിലോഗ്രാം
- കുടംപുളി - 5 എണ്ണം
- പച്ചമുളക് - 3 എണ്ണം
- മുളക് പൊടി - 1 ടേബിൾസ്പൂൺ
- പിരിയൻ മുളകുപൊടി - 3 ടേബിൾസ്പൂൺ
- വെളുത്തുള്ളി - 1/4 കപ്പ്
- ഇഞ്ചി - 1/4 കപ്പ്
- കടുക് - 1/8 ടീസ്പൂൺ
- ഉലുവ - 1/8 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ - 1/3 കപ്പ്
തയാറാക്കുന്ന വിധം
സാധാരണ എല്ലാ മീനും ഈ രീതിയിൽ തയാറാക്കാം എങ്കിലും ദശ കട്ടിയുള്ള മീനുകൾ ഉപയോഗിച്ച് ചെയ്യുന്നതാണ് കൂടുതൽ സ്വാദ്. കുടമ്പുളി ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആണ് മീൻ വറ്റിച്ച് എടുക്കുന്നത്. ആദ്യം പുളി വെള്ളം റെഡി ആക്കാം. മൂന്ന് കപ്പ് വെള്ളം അഞ്ച് അല്ലെങ്കിൽ ആറ് കഷണം കുടുംപുളിയും ഉപ്പും ചേർത്ത് തിളപ്പിക്കുക. കുടുമ്പുളിയുടെ പുളി അനുസരിച്ച് എണ്ണത്തിൽ വ്യത്യാസം വരാം. പുളിവെള്ളം തിളപ്പിച്ചത് മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് 1/3 കപ്പ് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ എണ്ണയിൽ 1/8 ടീ സ്പൂൺ കടുക് ഉലുവ എന്നിവ ഇട്ട് പൊട്ടിക്കുക.ഇതിലേക്ക് 1/4 കപ്പ് വീതം വെളുത്തുള്ളി ഇഞ്ചി എന്നിവ ഇട്ട് വഴറ്റുക. മൂന്ന് പച്ചമുളക് കീറിയത് കൂടി ഇട്ട് വാട്ടി എടുക്കുക.അധികം മൂപ്പിക്കണ്ട. വെളുത്തുള്ളി ഇഞ്ചി പച്ച മുളക് രുചി മാറി പോകും. തീ ഓഫ് ചെയ്ത് മൂന്ന് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടേബിൾസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക.
അടുപ്പിൽ വെച്ച് ചെറിയ തീയിൽ ഇട്ട് പൊടികളുടെ എല്ലാം പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് തിളപ്പിച്ച് വെച്ച പുളിവെള്ളത്തിൽ നിന്ന് 1/2 ഗ്ലാസ്സ് ചേർത്ത് കൊടുത്ത് ഇളക്കുക. ഇത് നന്നായി ചൂട് ആറിയ ശേഷം മിക്‌സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ച് എടുക്കാം. മൺചട്ടിയിൽ ഒരു കിലോ മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക. ഇതിലേക്ക് കുറച്ച് ഉപ്പ്, 1/2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർക്കുക. ഇതിലേക്ക് തയാറാക്കിയ പേസ്റ്റ് ചേർക്കാം. മീൻ മൂടി കിടക്കാൻ പാകത്തിനുള്ള ഉപ്പും പുളിവെള്ളം കൂടി ചേർത്ത് ചട്ടി ഒന്ന് ചുറ്റിച്ച് അടുപ്പിൽ വയ്ക്കുക. ആവശ്യമെങ്കിൽ ഒരു കഷണം പുളി ഇതിൽ ചേർക്കാം. ആദ്യം തീ കൂട്ടി ഇട്ട് മൂടി വച്ച് തിളപ്പിക്കുക. പിന്നീട് തീ കുറച്ച് തുറന്നു വെച്ച് എണ്ണ തെളിയും വരെ വറ്റിച്ച് എടുക്കുക. നല്ല കുറുകിയ ചാറോട് കൂടിയ മീൻ കൂട്ടാൻ ചോറിനൊപ്പവും കപ്പയുടെ ഒപ്പവും വിളമ്പാം.