പെപ്പർ ചിക്കൻ റോസ്റ്റ്, ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും രുചി!
Mail This Article
സ്പെഷൽ ചിക്കൻ മസാലകളോ തക്കാളിയോ ഒന്നും ചേർക്കാതൊരു വെറൈറ്റി പെപ്പർ ചിക്കൻ കറി. വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- ചിക്കൻ – 3/4 കിലോഗ്രാം
- കശ്മീരി മുളക് – 10–12 എണ്ണം
- കൊത്തമല്ലി – 2 ടേബിൾ സ്പൂൺ
- ജീരകം – 1 ടീസ്പൂൺ
- കുരുമുളക് – മൂന്ന് ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- സവാള വലുത് – 2 എണ്ണം
- ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
- കറിവേപ്പില
- വെള്ളം – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു 10–12 കശ്മീരി/ വറ്റൽ മുളകിട്ട് പൊടിച്ചെടുക്കാൻ പാകത്തിന് മീഡിയം ഫ്ലേമിൽ മൂന്നോ നാലോ മിനിറ്റ് ചൂടാക്കി മാറ്റി വയ്ക്കുക. അതിനുശേഷം രണ്ട് ടേബിൾ സ്പൂൺ കൊത്തമല്ലിയും ഒരു ടീസ്പൂൺ ജീരകവും രണ്ടോ മൂന്നോ ടേബിൾ സ്പൂൺ കുരുമുളകും കൂടി ചേർത്തു മൂന്നോ നാലോ മിനിറ്റ് ചൂടാക്കി മുളകിന്റെ കൂടെ മാറ്റി വയ്ക്കുക. ശേഷം ഇതെല്ലാം കൂടി മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക. ഇനി ഒരു ഫ്രൈയിങ് പാനിലേക്കു രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു രണ്ട് വലിയ സവാള അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കൂടി ചേർത്തു നല്ല ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റി എടുക്കുക. പാകത്തിനു വഴന്നു വരുമ്പോൾ തീ ഓഫ് െചയ്യുക. ഇത് മിക്സിയുടെ ജാറിൽ നല്ല പേസ്റ്റു പോലെ അരച്ചെടുക്കുക.
പെപ്പർ ചിക്കനുള്ള മസാല റെഡി. ഇനി അതേ പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു കൊടുക്കുക. ഈ പേസ്റ്റ് ഒന്നു വഴന്നു വരുമ്പോൾ റെഡിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ഇട്ടു കൊടുത്തു നല്ല ഫ്ലേമില്‍ മൂന്നോ നാലോ മിനിറ്റ് നേരം നന്നായി ഇളക്കിക്കൊടുക്കുക. ഈ സമയത്ത് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന മസാല മുഴുവനും ചേർത്തു മീഡിയം ഫ്ലേമിൽ മൂന്നോ നാലോ മിനിറ്റ് നന്നായി യോജിപ്പിക്കുക. കുറച്ചു കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കുക. ഇതിന്റെ കൂടെ നേരത്തെ പേസ്റ്റാക്കി വച്ചിരിക്കുന്ന സവാളയും ചേർത്തു നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് അടച്ചു വച്ച് മീഡിയം ഫ്ലേമിൽ 7–8 മിനിറ്റ് നന്നായി പറ്റിച്ചെടുക്കുക. ഉപ്പ് ആവശ്യമെങ്കില്‍ ഈ സമയത്തു ചേർക്കാം.
Content Summary : This particular pepper chicken roast is delicious and spicy and will wow your taste buds.