എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന കറിയാണ് പച്ചടികൾ. കുമ്പളങ്ങയും പാവയ്ക്കയും കക്കിരിയും ഇഞ്ചിയുമൊക്കെ വച്ച് പച്ചടിയുണ്ടാക്കിയാൽചോറിനൊപ്പം ഗംഭീര കോംമ്പിനേഷനാണ്. അധികമാരും പരീക്ഷിക്കാത്ത വ്യത്യസ്തമായൊരു പച്ചടിയുണ്ടാക്കിയാലോ? പാവയ്ക്കയുടെ കൊണ്ടാട്ടം എല്ലാവരും വറുത്ത് കഴിക്കാറുണ്ട് അതു വച്ച് നല്ലൊരു പച്ചടിയുണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
1) പാവയ്ക്ക കൊണ്ടാട്ടം – 50 ഗ്രാം
2) തേങ്ങ– അരമുറി
3) കടുക് – ആവശ്യത്തിന്
4) പച്ചമുളക്– 4 എണ്ണം( ആവശ്യമുള്ള എരിവിന് അനുസരിച്ച് കൂടുതൽ ഉപയോഗിക്കാം.)
6) തൈര്– 300 എംഎൽ
7) വറ്റൽ മുളക്,കറിവേപ്പില
8) വെളിച്ചെണ്ണ
9) ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാവയ്ക്ക കൊണ്ടാട്ടം വെളിച്ചെണ്ണയിൽ വറുത്തു കോരുക. വറുത്ത കൊണ്ടാട്ടത്തിന്റെ പകുതി വലിയ കഷ്ണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക. ബാക്കിയുള്ള കൊണ്ടാട്ടവും തേങ്ങയും പച്ചമുളകും കുറച്ച് കടുകും ഒന്നിച്ച് നന്നായി അരച്ചെടുക്കുക. പുളിയ്ക്കാവശ്യമായ തൈരും ഉപ്പും അരപ്പിനൊപ്പം ചേർത്ത് ഇളക്കുക. മുറിച്ച് വച്ചിരിക്കുന്ന പാവയ്ക്ക കൊണ്ടാട്ടവും ഇതിലേക്ക് ചേർക്കാം. വെളിച്ചെണ്ണയിൽ കറിവേപ്പിലയ്ക്കും വറ്റൽ മുളകിനൊപ്പവും കടുക് പൊട്ടിച്ച് ചൂടാറി കഴിഞ്ഞ ശേഷം മാത്രം പച്ചടിയിലേക്ക് ചേർക്കുക. വ്യത്യസ്തമായ പാവയ്ക്ക കൊണ്ടാട്ട പച്ചടി തയാർ.