എളുപ്പത്തിൽ ഉണ്ടാക്കാവുന്നൊരു എരിശ്ശേരിയാണ് മത്തനും വൻപയറും. ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും കഴിക്കാം. ചെറിയ ചില കാര്യങ്ങൾശ്രദ്ധിച്ചാൽ അസാധ്യമായ രുചിയോടെ ഈ എരിശ്ശേരി ഉണ്ടാക്കിയെടുക്കാം. സാധാരണയായി ഉപയോഗിക്കുന്ന ചുവന്ന വൻപയർ ഇതിനടുത്തേക്ക് അടുപ്പിക്കരുത്. പകരം വെള്ള വൻപയർ ഉപയോഗിക്കാം. ഇഞ്ചിയും വെളുത്തുള്ളിയും തീരെ ആവശ്യമില്ല.
ആവശ്യമുള്ള സാധനങ്ങൾ
മത്തൻ- 1/2 കിലോഗ്രാം
വെള്ള വൻപയർ- 150 ഗ്രാം
ജീരകം- ഒരു നുള്ള്
വെളിച്ചെണ്ണ -ആവശ്യത്തിന്
തേങ്ങ- ഒരു മുറിയുടെ പകുതി
കടുക് – താളിക്കാൻ അവശ്യത്തിന്
കറിവേപ്പില - തണ്ട്
വറ്റൽ മുളക്- 3 എണ്ണം
കുരുമുളക് പൊടി- 1 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെള്ള വൻപയർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. മത്തൻ സാമാന്യം വലിയ കഷ്ണങ്ങളായി മുറിച്ചു വൻപയറിനൊപ്പം വെള്ളമൊഴിച്ചു നന്നായി വേവിക്കുക. ഇതിനൊപ്പം പച്ചമുളക് കീറി ഇടാം.
വെന്തുകഴിഞ്ഞാൽ ചിരകിയ തേങ്ങയിൽ മുക്കാൽ ഭാഗം ഒരു നുള്ള് ജീരകവുമായി കൈ കൊണ്ട് തിരുമ്മി ചേർക്കുക.മിക്സി ഉപയോഗിക്കരുത്. എരിവിന് ആവശ്യമായ കുരുമുളക് പൊടി ഇട്ടു കൊടുക്കുക. അതിനു ശേഷം വെളിച്ചെണ്ണയിൽ കടുക്,വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ചെടുക്കുക. കടുക് പൊട്ടിക്കഴിഞ്ഞാൽ ബാക്കിയുള്ള തേങ്ങ അതിലേക്ക് ചേർത്ത് ബ്രൗൺ നിറമാവുന്നത് വരെ വറുത്തെടുക്കുക. അത് കറിയിലേക്ക് ചേർക്കുക. ഉപ്പിടാൻ മറക്കരുത്. മത്തൻ വൻപയർ എരിശ്ശേരി തയാർ.