പ്രഥമം, ഈ പ്രഥമൻ

പായസം ഇഷ്ടമല്ലാത്തവരുണ്ടാകില്ല. മലയാളിയുടെ ആഘോഷങ്ങൾ പായസ മധുരമില്ലാതെ പൂർത്തിയാവാറില്ല. വ്യത്യസ്തമായ പായസം പരീക്ഷിക്കാം– ചേന പ്രഥമൻ. പലരും ചേന വേവിച്ച് ഉടച്ചു ചേർത്ത് ഈ പായസം പരീക്ഷിച്ചു നോക്കാറുണ്ട്. കുറച്ചു കൂടി ക്ഷമ കാണിച്ചാൽ മനോഹരമായി ഈ പായസം തയാറാക്കാം. 

ആവശ്യമുള്ള സാധനങ്ങൾ 

ചേന 500 ഗ്രാം
ശർക്കര– 1 കിലോ ഗ്രാം
തേങ്ങ‌ാപ്പാൽ – 4 തേങ്ങയുടെ ഒന്നാം പാൽ, രണ്ടാം പാൽ
ഏലക്കായ– 4 എണ്ണം
നെയ്യ് – ആവശ്യത്തിന്
തേങ്ങാക്കൊത്ത്– 2 ടേബിൾ സ്പൂൺ
ചുക്ക് പൊടി– അര ടീ സ്പൂൺ

ചേന കഴുകി വൃത്തിയാക്കി പരിപ്പ് പ്രഥമനിൽ ഉപയോഗിക്കുന്ന ചെറു പരിപ്പിനേക്കാൾ അൽപം വലുതായി മുറിക്കുക. പല കാലഘട്ടത്തിൽ വിളവെടുത്ത് ചേനകളുടെ വേവ് വ്യത്യസ്തമായിരിക്കും. അതു കൊണ്ട് കുക്കർ ഉപയോഗിക്കാതെ വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഒരു ല‌ീറ്റർ വെള്ളത്തിൽ അൽപം മഞ്ഞൾപ്പൊടിയും നെയ്യും ഒഴിച്ച് ചേന വേവിച്ച് എടുക്കുക. ഇതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി കുറുക്കുക. കുറകി തുടങ്ങുമ്പോൾ അൽപം നെയ്യ് ചേർത്തു കൊടുക്കണം. അരമണിക്കൂർ നേരം വരട്ടിയെടുക്കുമ്പോൾ പാത്രത്തിനു പറത്തേക്ക് ഇവ തെറിക്കാൻ തുടങ്ങും. അപ്പോൾ രണ്ടാം പാൽ ചേർക്കാം. ഇത് യോജിച്ചു കുറുകുമ്പോൾ ഒന്നാം പാൽ ചേർക്കാം. ഇത് ചേർത്ത് തിളയ്ക്കാൻ തുടങ്ങുമ്പോൾ ഏലക്കായ പൊടിയും ചുക്കു പൊടിയും ചേർക്കുക. കൊഴുപ്പ് കൂടുതലാണെങ്കിൽ ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. ബാക്കിയുള്ള നെയ്യിൽ തേങ്ങാ കൊത്ത് വറത്തു ചേർക്കുക. സ്വാദേറിയ ചേന പ്രഥമൻ തയാർ.