ഊത്തപ്പം കഴിക്കൂ... പ്രാതൽ ഗംഭീരമാകട്ടെ
ബ്രേക്ക് ഫാസ്റ്റിന് ബ്രെയിൻ ഫുഡ് എന്നൊരു ഓമനപ്പേരു കൂടിയുണ്ട്. അതിനാൽ തന്നെ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാൻ പാടില്ല എന്നു പഠനങ്ങൾ. പക്ഷേ, ഓഫിസിലേക്കുള്ള തിരക്കിട്ട ഓട്ടത്തിനിടയിൽ പലപ്പോളും ബ്രേക്ക് ഫാസ്റ്റിനെ മറന്നു കളയാറില്ലേ. അതിനൊരു പരിഹാരമായി പെട്ടെന്നു തയാറാക്കാവുന്നതും ടിഫിൻ ബോക്സിലാക്കാവുന്നതുമായൊരു വിഭവം.
ഊത്തപ്പം
- എണ്ണ – പാകത്തിന്
- ദോശമാവ് – അര ലീറ്റർ
- സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
- തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
- പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്
- മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
- ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ദോശക്കല്ലിൽ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക. ഇതിനു മുകളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതു വിതറണം. എണ്ണയോ നെയ്യോ തൂവി മറിച്ചിട്ട് നന്നായി മൊരിയുമ്പോൾ ചൂടോടെ വിളമ്പാം.