ചപ്പാത്തി റോൾ, നിറമുള്ള പുട്ട്, അക്ഷരദോശ... ബ്രേക്ക്‌ഫാസ്‌റ്റ് കഴിക്കാൻ കുട്ടികൾ ഓടിവരും
കഴിക്ക്, കഴിക്ക് എന്നു ശല്യംചെയ്യാതെ, അടിയും വിരട്ടലുമില്ലാതെ സമാധാനമായ അന്തരീക്ഷത്തിൽ വേണം കുട്ടികളെ ബ്രേക്ക്‌ഫാസ്‌റ്റ് കഴിപ്പിക്കാൻ... ബ്രേക്ക്‌ഫാസ്‌റ്റ് കാണുമ്പോഴെ കുട്ടികൾ ഓടി വരുന്ന ചില രുചിക്കൂട്ടുകൾ പരിചയപ്പെടാം.
ചപ്പാത്തി ഓംലെറ്റ് റോൾ
ചൂടുള്ള ചപ്പാത്തിയുടെ മുകളിൽ ബട്ടർ പുരട്ടുക. അതിനുമുകളിൽ അൽപം മധുരം സ്‌പ്രെഡ് ചെയ്യുക. മുരിങ്ങയില അരിഞ്ഞിട്ട ഓംലറ്റ് ഇതിനു മീതെ വച്ചു ചുരുട്ടി കുട്ടിയുടെ കയ്യിൽ കഴിക്കാൻ കൊടുക്കുക. ഒപ്പം ഒരു കപ്പ് ഇഷ്‌ടമുളള ജ്യൂസും.
നിറങ്ങളുള്ള പുട്ട്
പുട്ടിൽ ഏത്തപ്പഴം, കൈതച്ചക്ക, ചക്കപ്പഴം തുടങ്ങിയ പഴങ്ങൾ ഏതെങ്കിലും അരിഞ്ഞുചേർത്ത് ബ്രേക്ക്‌ഫാസ്‌റ്റ് ഉണ്ടാക്കാം. ദോശയിലും ഇഡ്‌ഡലിയിലും കൊത്തിയരിഞ്ഞ ഇഞ്ചി, ഉളളി, ബീറ്റ്‌റൂട്ട്, കാരറ്റ്, കറിവേപ്പില, കാപ്‌സിക്കം എന്നിവ ചേർക്കാം. കളർഫുൾ ആകും. പോഷകസമൃദ്ധവും. ഉപ്പുമാവിൽ ബീൻസ്, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ കൂടാതെ കശുവണ്ടി, കിസ്‌മിസ്, ബദാം പരിപ്പ്, നിലക്കടല, ഉഴുന്നുപരിപ്പ് എന്നിവയും ചേർക്കും.
അക്ഷരദോശ
ദോശമാവുകൊണ്ട് കുട്ടിയുടെ പേരിന്റെ അക്ഷരങ്ങൾ കല്ലിൽ ചുട്ടെടുക്കുക.
പുട്ടും പഴവും കുഴച്ച് പല രൂപങ്ങളുണ്ടാക്കി പ്ലേറ്റിൽ വച്ചുകൊടുക്കുക.
ഇടിയപ്പത്തിനു മുകളിൽ കാരറ്റ് പൊടിയായി അരിഞ്ഞതും തേങ്ങയും വച്ച് ആവികൊള്ളിക്കുക. ഇതിൽ പഞ്ചസാര മിക്‌സ് ചെയ്‌തു കൊടുത്താൽ രുചിയോടെ കഴിക്കും.
ചീനച്ചട്ടിയിൽ അൽപം നെയ്യും ഒരുനുള്ളു മഞ്ഞൾപ്പൊടിയും ചേർത്തു മൂപ്പിക്കുക. ഇതിൽ ചോറിട്ട് ഇളക്കിക്കൊടുക്കുക. സാധാരണ ചോറിനേക്കാൾ മഞ്ഞച്ചോറ് കുട്ടികൾ ഇഷ്‌ടപ്പെടും.
കുട്ടിക്കു കഴിക്കാൻ ഹെൽതി സൂപ്പ്
- വെജിറ്റബിൾ സ്‌റ്റോക്- രണ്ടു കപ്പ്
- മുട്ട- ഒന്ന്
- പാൽ- അരക്കപ്പ്
- ബദാം, കശുവണ്ടി, നിലക്കടല പൊടിച്ചത്- ഒരു ടീസ്‌പൂൺ
- ചീസ് ഗ്രേറ്റ് ചെയ്‌തത്- കാൽ ടീസ്‌പൂൺ
വെജിറ്റബിൾ സ്‌റ്റോക്ക് തിളച്ചു വരുമ്പോൾ മുട്ട അടിച്ചത് നൂലുപോലെ പൊക്കി ഒഴിക്കുക. സ്‌റ്റോക്ക് ഇളക്കിക്കൊണ്ടിരിക്കണം. തീ അണച്ചശേഷം പാൽ ഒഴിക്കുക. ഇതിൽ ചീസ് ഗ്രേറ്റ് ചെയ്‌തതും ആവശ്യത്തിന് ഉപ്പും ചേർത്തു ചൂടോടെ ഉപയോഗിക്കുക.
(വെജിറ്റബിൾ സ്‌റ്റോക്ക് തയാറാക്കാൻ: തക്കാളി, ഉള്ളി, ചീരത്തണ്ട്, മുരിങ്ങയില, കറിവേപ്പില, ഗ്രീൻപീസ്, മത്തങ്ങ, ഇഞ്ചി, കാരറ്റ്, ഉരുളക്കിഴങ്ങ് ഇവ ചെറുതായി നുറുക്കി രണ്ടു കപ്പ് വെള്ളം ചേർത്ത് കുക്കറിൽ വേവിച്ച് ഞെരടി പിഴിഞ്ഞ് എടുക്കുക.)