അങ്ങനെയങ്ങ് മറക്കാമോ പാവപ്പെട്ടവന്റെ അടുക്കളയിലെ സൂപ്പർ ഹിറ്റായ മത്തിക്കറിയെ?
Mail This Article
കപ്പയും ചോറും മത്തിക്കറിയും ഒന്നിപ്പിക്കുമ്പോൾ പഴയ കാലത്തിന്റെ നൊസ്റ്റാൾജിയ നിറഞ്ഞ രുചിയായിരിക്കും പലരുടെയും വായിൽ വെള്ളമൂറിക്കുക. പാവപ്പെട്ടവന്റെ അടുക്കളയില്‍ സൂപ്പർ ഹിറ്റായി നിറഞ്ഞോടിയിരുന്ന മത്തി ഇന്ന് പലർക്കും അഭിമാനക്കുറവാകുന്ന കാലമാണ്. കറിയുണ്ടാക്കി നൽകിയാൽ അധികം പണം വാങ്ങാൻ കഴിയാത്തതുകൊണ്ട് ഹോട്ടലുകളും മത്തിയെ കൈയൊഴിയുന്നു. എങ്കിലും കടലില്‍ നിന്നു സുലഭമായി ലഭിക്കുന്ന സ്വാദിഷ്ടമായ ഈ മൽസ്യത്തെ മറക്കുന്നതെങ്ങനെ?. ഉണക്കനെല്ലിക്കയിട്ട നാടൻ മത്തിക്കറിയാവട്ടെ ഇന്ന്. മണ്‍ചട്ടികളിൽ ദിവസങ്ങളിരുന്നു രുചിമേളം തീർത്ത പഴയകാലത്തിന്റെ സ്വന്തം മത്തിക്കറി.
ആവശ്യമുള്ള സാധനങ്ങൾ
- മത്തി – അരക്കിലോ
- ഉണക്കനെല്ലിക്ക –4 എണ്ണം
- പച്ചമുളക് – 5 എണ്ണം
- ഇഞ്ചി – ഒരു കഷ്ണം
- വെളുത്തുള്ളി – 6 അല്ലി
- പിരിയൻ മുളകുപൊടി – 3 ടേബിൾ സ്പൂൺ
- കടുക് – ആവശ്യത്തിന്
- ഉലുവ – ആവശ്യത്തിന്
- സവാള – 1 വലുത്
- തക്കാളി – 1 വലുത്
- വെളിച്ചെണ്ണ
- ഉപ്പ്
തയാറാക്കുന്ന വിധം
മണ്‍ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കി അൽപം കടുകും ഉലുവയും കറിവേപ്പിലയും പൊട്ടിച്ചെടുക്കുക. ഇതിലേക്ക് സവാളയും തക്കാളിയും ചേർത്ത് വഴറ്റുക. ഇഞ്ചി,പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്തു കൊടുക്കാം.
നന്നായി വഴന്നു വരുമ്പോൾ ഇതിലേക്ക് പിരിയന്‍ മുളക് പൊടി ചേർത്ത് മൂത്തുവരുമ്പോൾ അൽപം വെള്ളം ചേർക്കാം. ഇതിലേക്ക് ചൂടുവെള്ളത്തിൽ കുതിർത്തു വച്ച് അരച്ചെടുത്ത ഉണക്കനെല്ലിക്ക ചേർക്കാം. തിളയ്ക്കുമ്പോൾ ഉപ്പും മഞ്ഞളും ചേർത്തു വച്ച മത്തി ചേർത്ത് നന്നയി തിളപ്പിക്കുക. ഇതിനു ശേഷം കുരുമുളക് പൊടി ചേർക്കാം. പച്ച വെളിച്ചെണ്ണ ഒഴിച്ചു വാങ്ങി വയ്ക്കാം.