തമിഴ്നാട്ടിലെ പ്രധാന ഭക്ഷണമാണ് തൈര് സാദം. ചൂടിനെ പ്രതിരോധിക്കാൻ തൈരും മോരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. രുചികരമായ തൈര് സാദം തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

1. പച്ചരി – ഒരു കപ്പ്
2. പാൽ – രണ്ടു കപ്പ്
3. കട്ടി മോര് – ഏകദേശം ഒന്നരക്കപ്പ്
4. കായപ്പൊടി – കാൽ ചെറിയ സ്പൂൺ
5. ചെറുനാരങ്ങാ നീര് – ഒരു ചെറിയ സ്പൂൺ (പുളിക്കനുസരിച്ച്)
6. ഉപ്പ്– പാകത്തിന്

താളിക്കാൻ

7. നല്ലെണ്ണ– ഒരു വലിയ സ്പൂൺ
8. കടുക് – ഒരു വലിയ സ്പൂൺ
9. പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – രണ്ട്
10. ഉണക്കമുളക് മൂന്നായി മുറിച്ചത് – മൂന്ന്
11. മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

തയാറാക്കുന്ന വിധം

∙അരി വേവിച്ചു വെള്ളം വാലാൻ വയ്ക്കുക.
∙വേവിച്ചു വച്ചിരിക്കുന്ന ചോറിൽ പാൽ ചേർത്ത് അടുപ്പിൽ വച്ചു ചൂടാക്കുക.
∙തിളയ്ക്കും മുമ്പു വാങ്ങി ചോറു നന്നായി ഉടച്ചു ചൂടാറാൻ വയ്ക്കുക.
∙ഈ ചോറിലേക്കു കട്ടിമോരു കുറേശ്ശേയായി േചർത്തിളക്കുക.
∙കായം, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവയും ചേർത്തിളക്കാം. ചോറു പാതി അയവിൽ ഇരിക്കണം.
∙എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ഉണക്കമുളക് ചേർത്തു മൂത്തു വരുമ്പോൾ വാങ്ങി തണുത്ത ശേഷം ചോറിൽ ചേർത്തിളക്കുക.
∙മല്ലിയില അരിഞ്ഞതു മുകളിൽ വിതറി തേങ്ങ ചുട്ട ചമ്മന്തിക്കൊപ്പം വിളമ്പാം.