കിഴക്കൻ മേഖലയുടെ പരമ്പരാഗത വിഭവമാണ് പിടിയും കോഴിക്കറിയും. അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീൻമേശയിൽ എത്തിക്കുന്നതാണു പിടി. അരിപ്പൊടിയുടെ കുറുക്കിൽ വെളുത്തുള്ളിയുടെയും ജീരകത്തിന്റെയും സ്വാദുമായി കുഞ്ഞുപിടികൾ പതുങ്ങിക്കിടക്കും. അടുപ്പിൽനിന്നു വാങ്ങിവയ്‌ക്കുന്ന കുറുക്കും അതിൽ മുങ്ങിക്കിടക്കുന്ന പിടിയും തണുത്തുകഴിഞ്ഞാൽ മുറിച്ചെടുത്തു പ്ലേറ്റിലെത്തിക്കാം. അതിനുമീതെ കോഴിക്കറി വിളമ്പാം. രണ്ടും നന്നായി യോജിപ്പിച്ചു നാവിലേക്കു വയ്‌ക്കാം. 

പിടി

ചേരുവകൾ

  • അരിപ്പൊടി (നേരിയ തരിപ്പരുവത്തിൽ) ഒരു കിലോ
  • തേങ്ങാപ്പീര ഒന്നര തേങ്ങയുടേത്
  • വെളുത്തുള്ളി നാല് അല്ലി
  • ജീരകം ഒരു ചെറിയ ടീസ്‌പൂൺ

പാകം ചെയ്യുന്ന വിധം

അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്തു വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുൻപു വാങ്ങിവയ്‌ക്കണം. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കിൽ വെള്ളം തിളപ്പിക്കണം. അരച്ചെടുത്ത വെളുത്തുള്ളി, ജീരകം എന്നിവ ചേർത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. 10 മിനിറ്റെങ്കിലും കുഴക്കണം. തുടർന്ന്, അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയിൽവച്ചു ചെറിയ ഉരുളകളാക്കണം.

വെളുത്തുള്ളിയും ജീരകവും അരച്ചുചേർത്ത വെള്ളം ബാക്കിയുണ്ടെങ്കിൽ അതിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേർത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോൾ പിടികൾ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാൻ തുടങ്ങുക. നന്നായി ഇളക്കിവറ്റിച്ച്, കുറുക്കു പരുവത്തിലാക്കിയ ശേഷം വാങ്ങിവയ്‌ക്കുക. തണുത്തു കഴിഞ്ഞു മുറിച്ചു കഷണങ്ങളാക്കി വിളമ്പാം.

തേങ്ങാപ്പാലിൽ കോഴിക്കറി

ചേരുവകൾ

  • കോഴിയിറച്ചി കഷണങ്ങളാക്കിയത് അര കിലോ
  • മുളകുപൊടി ഒരു ടീസ്‌പൂൺ
  • മഞ്ഞൾപ്പൊടി അര ടീസ്‌പൂൺ
  • മല്ലിപ്പൊടി രണ്ടു ടീസ്‌പൂൺ
  • കുരുമുളകുപൊടി അര ടീസ്‌പൂൺ
  • ഇഞ്ചി ഒരു കഷണം
  • വെളുത്തുള്ളി എട്ട് അല്ലി
  • കറുവാപ്പട്ട ഒരു കഷണം
  • ഗ്രാമ്പൂ നാലെണ്ണം
  • ഏലയ്‌ക്കാ നാലെണ്ണം
  • തക്കോലം ഒന്ന്
  • തേങ്ങാപ്പാൽ രണ്ടു കപ്പ്
  • സവാള രണ്ട്
  • കറിവേപ്പില ആവശ്യത്തിന്
  • ഉപ്പ് പാകത്തിന്
  • മല്ലിയില പാകത്തിന്

പാകം ചെയ്യുന്ന വിധം

ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്‌ക്ക, തക്കോലം എന്നിവ ചതച്ചുചേർത്തു കോഴിയിറച്ചി വേവിക്കുക. പാതിവേവ് മതിയാകും. സവാള, വേപ്പില, അരച്ചെടുത്ത വെളുത്തുള്ളി, ചതച്ച ഇഞ്ചി എന്നിവ ഒരുമിച്ചു വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ കൂടി ചേർത്തു വഴറ്റുക. പൊടികൾ ചേർത്തശേഷം ഒരു മിനിറ്റുപോലും അധികമായി വഴറ്റാതെ പാതിവേവിച്ച കോഴിക്കഷണങ്ങൾ ചേർക്കാം. ആദ്യം രണ്ടാം പാൽ ഒഴിക്കണം. ഇറച്ചി വെന്തു പാകമായ ശേഷം ഒരു നുള്ളു ഗരംമസാല ചേർക്കാം. കറി തിളച്ചു വരുമ്പോൾ ഒന്നാംപാൽ ചേർത്ത്, ഉടൻ വാങ്ങിവയ്‌ക്കണം. മുകളിൽ മല്ലിയില വിതറി വിളമ്പാം.