ഇഞ്ചിയുടെ സര്‍വ ഗുണങ്ങളും അടങ്ങിയ പുളിയിഞ്ചി
ചുക്കില്ലാത്ത കഷായം ഇല്ലെന്ന പോലെ ഇഞ്ചിയില്ലാത്ത കറികളും അപൂർവം. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഇഞ്ചിയില്ലാതെ മലയാളിയുടെ അടുക്കള ഒരു ദിവസം പോലും മുന്നോട്ടു പോവില്ല. ഇഞ്ചിയുടെ സര്‍വ ഗുണങ്ങളും അടങ്ങിയ ഒന്നാണ് പുളിയിഞ്ചി. കേരളീയ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത പുളിയിഞ്ചിയാവട്ടെ ഇന്ന്.
ചേരുവകൾ
- ഇഞ്ചി– 100 ഗ്രാം
- പുളി– 100 ഗ്രാം
- പച്ചമുളക്– 3 എണ്ണം
- കടുക് – 1 ടി സ്പൂൺ
- ഉലുവ– 1/2 ടി സ്പൂണ്‍
- കറിവേപ്പില– 1 തണ്ട്
- ശർക്കര– 1 കഷ്ണം
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇഞ്ചി കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. 300 എംഎല്‍ ചുടുവെള്ളത്തിൽ പുളി കുതിര്‍ക്കുക. വെള്ളം കുറഞ്ഞു പോകരുത്. കുറഞ്ഞാല്‍ പുളിയിഞ്ചിയുടെ യഥാര്‍ഥ കറുത്ത നിറം കിട്ടില്ല. വെളിച്ചെണ്ണയിൽ കടുക്, ഉലുവ, കറിവേപ്പില എന്നിവ പൊട്ടിച്ച് ഇഞ്ചി ചേർത്ത് നന്നായി വഴറ്റുക. പച്ചമുളക് വട്ടത്തിൽ മുറിച്ചതു ചേർത്തു കൊടുക്കാം. തുടർന്ന് പുളിവെള്ളം ചേർക്കാം. തിളയ്ക്കുമ്പോൾ ശർക്കര ചേർത്ത് കൊടുക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്തു കൊടുത്തു നന്നായി തിളപ്പിക്കുക. വെള്ളം വറ്റി പുളി കുറുകുന്നതു വരെ കാത്തിരിക്കാം.