പ്രാതൽ കൃത്യമായി കഴിക്കുന്നവർ ദിവസം മുഴുവൻ ഊർജസ്വലരായിരിക്കുമത്രേ. കാരണം പ്രാതലാണ് നമ്മുടെ തലച്ചോറിന് ആവശ്യമുള്ള ഭക്ഷണം നൽകുന്നത്. സ്ഥിരമായി പ്രാതൽ ഉപേക്ഷിക്കുന്നവരിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. മാത്രമല്ല,  ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയും ഇവരിൽ കൂടുതലാണത്രേ. രുചികരമായ ആലു പറാത്ത തയാറാക്കിയാലോ?

ചേരുവകൾ

1. ഗോതമ്പുപൊടി – 200 ഗ്രാം
ഉപ്പ് – പാകത്തിന്
വെള്ളം – 50 മില്ലി

2. ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് – 50 ഗ്രാം
ചാട്ട്മസാല – ഒരു ചെറിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഗോതമ്പുപൊടി ഉപ്പും വെള്ളവും ചേർത്തു നന്നായി കുഴച്ചു മയപ്പെടുത്തുക. ഇത് 15 – 20 മിനിറ്റ് അനക്കാതെ വയ്ക്കുക.

∙ പിന്നീട് ചെറിയ ഉരുളകളാക്കി വയ്ക്കുക.

∙ ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്, ചാട്ട്മസാല, മല്ലിയില അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇതാണ് ഉള്ളിൽ നിറയ്ക്കാനുള്ള ഫില്ലിങ്. ഓരോ ഉരുളയുമെടുത്ത് അതിനുള്ളിൽ അല്പം ഫില്ലിങ് വച്ച് ചപ്പാത്തിക്കോൽ കൊണ്ടു മെല്ലെ പരത്തുക.

∙ തവ ചൂടാക്കി, ഓരോ പറാത്തയും ഇരുവശവും ചുട്ടെടുക്കുക.

∙ ചൂടോടെ അച്ചാറിനോ തൈരിനോ ഒപ്പം വിളമ്പാം.

∙  ഉരുളക്കിഴങ്ങിനു പകരം ചീസോ പനീറോ പറാത്തയുടെ ഉള്ളിൽ നിറയ്ക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT