വളരെ വേഗത്തില്‍ തയാറാക്കാവുന്ന പച്ചക്കുരുമുളക് അച്ചാർ
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് കുരുമുളക്. സുഗന്ധ ദ്രവ്യങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന കുരുമുളകിന്റെ കഥ ഇന്ത്യയുടെ ചരിത്രത്തിൽ അടയാളപ്പെട്ടിട്ടുണ്ട്. മലയാളിയുടെ കറുത്ത പൊന്നിന്റെ ഔഷധ ഗുണവും ലോക പ്രസിദ്ധമാണ്. സാധാരണയായി കുരുമുളക് ഉണക്കി ഇപയോഗിക്കുന്ന ഒരു നാണ്യ വിളയാണ്. ഉദര സംബന്ധമായ രോഗങ്ങൾക്ക് കുരുമുളക് മരുന്നായി ഉപയോഗിക്കുന്നുണ്ട്. പക്ഷേ, പച്ചക്കരുമുളകിന്റെ ഉപയോഗം നമുക്ക് അത്ര പരിചിതമല്ല. അപൂർവം വിഭവങ്ങള്‍ മാത്രമേ പച്ചക്കുരുമുളകു കൊണ്ട് ഉണ്ടാക്കാറുള്ളു. വളരെ വേഗത്തില്‍ ഉണ്ടാക്കാവുന്ന പച്ചക്കുരുമുളക് അച്ചാർ, ഇതാ–
ആവശ്യമുള്ള സാധനങ്ങൾ
- പകുതി മൂപ്പെത്തിയ പച്ചക്കുരുമുളക്– 100 ഗ്രാം.
- ചെറുനാരങ്ങ– 6 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഞെട്ടു കളഞ്ഞ് കഴുകി വൃത്തിയാക്കിയ പച്ചക്കുരുമുളകിൽ ചെറുനാരങ്ങ നീരു പിഴിഞ്ഞൊഴിക്കുക. ഇഞ്ചി ചെറിയ കഷ്ണങ്ങളായി മുറിച്ചിട്ട ശേഷം ആവശ്യത്തിനു ഉപ്പും ചേർക്കാം. ഒരാഴ്ച അടച്ചു വച്ചതിനു ശേഷം ഉപയോഗിക്കാം.