ഓണസദ്യയ്ക്കൊരുക്കാം രുചികരമായ ഓലൻ
കുമ്പളങ്ങയാണ് ഇതിലെ പ്രധാന ചേരുവ. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. രണ്ടിന്റെയും രുചിയിൽ വ്യത്യസമുണ്ട്.
ചേരുവകൾ
- കുമ്പളങ്ങ അരയിഞ്ചു ചതുരകക്കഷണങ്ങളാക്കിയത് – 2 കപ്പ്
- വൻപയർ പുഴുങ്ങിയത് – ½ കപ്പ്
- ജീരകം – 1 നുള്ള്
- ഉണക്കമുളകിന്റെ അരി – ½ ടീസ്പൂൺ
- പച്ചമുളക് അറ്റം പിളർന്നത് – 6
- ചുവന്നുള്ളി – 6 അല്ലി
- ഒരു കപ്പു തേങ്ങയിൽ നിന്നെടുത്ത തേങ്ങാപ്പാൽ – 1 കപ്പ്
- കറിവേപ്പില – കുറച്ച്
- വെളിച്ചെണ്ണ – 1 ഡിസേർട്ട് സ്പൂൺ
പാകം ചെയ്യുന്ന വിധം
കുമ്പളങ്ങ ഒരു പാത്രത്തിലാക്കി ജീരകവും മുളകരിയും കൂടി അരച്ചു കലക്കി ഒഴിച്ചു പാകത്തിനു വെള്ളവും ചേർത്തു മയം വരുന്നതു വരെ വേവിക്കുക. ഉപ്പും പച്ചമുളകും ചുവന്നുള്ളി നീളത്തിലരിഞ്ഞതും ഇട്ട് ഒന്നു കൂടി വേവിച്ചു വെള്ളം വറ്റിയാലുടൻ തേങ്ങാപ്പാൽ ഒഴിക്കണം. കുറച്ചു വറ്റുമ്പോൾ കറിവേപ്പിലയും വൻപയർ പുഴുങ്ങിയതും ചേർക്കണം. കുറേക്കൂടി വറ്റുമ്പോൾ വെളിച്ചെണ്ണയും ഒഴിച്ചു തിളച്ചാലുടൻ വാങ്ങി വച്ചു ചൂടോടെ ഉപയോഗിക്കുക. ചാറ് അധികം കുറുകിയും അധികം അയഞ്ഞും ഇരിക്കരുത്.