ബിരിയാണിയുടെ ചേരുവകളെല്ലാം വേണം. പക്ഷേ, ബിരിയാണിയല്ല!
ബിരിയാണിയുടെ ചേരുവകളെല്ലാം വേണം. പക്ഷേ, ബിരിയാണിയല്ല. നമ്മുടെ സ്വന്തം ഇറച്ചിച്ചോറിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. ബിരിയാണിയുടെ കനമില്ലെങ്കിലും ചോറും ഇറച്ചിയും കലർന്ന രുചികരമായ വിഭവമാണ് ഇറച്ചിച്ചോർ. നാടൻ പുഴുക്കലരി, ബസുമതി, വയനാടൻ കൈമ എന്നിവയിൽ ഇറച്ചിച്ചോർ തയാറാക്കാം. കൈമ ഉപയോഗിച്ചുള്ള ഇറച്ചിച്ചോർ തയാറാക്കാം.
ചേരുവകൾ
- ബീഫ് ചെറിയ കഷ്ണങ്ങളാക്കിയത്– 500 ഗ്രാം.
- കൈമ അരി– 1. 5 കിലോഗ്രാം
- സവാള– 250 ഗ്രാം
- തക്കാളി– 150ഗ്രാം
- വെളുത്തുള്ളി– 1 വലുത്
- ഇഞ്ചി– 1 വലിയ കഷ്ണം
- പച്ചമുളക്– 10 എണ്ണം
- മുളക്പൊടി– 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി– 1/2 ടീസ്പൂൺ
- ബീഫ് മസാല 1 1/2 ടീ സ്പൂൺ
- വെള്ളം– 3 ലീറ്റർ
- നെയ്യ്– 75 ഗ്രാം
- ഡാൽഡ 2 ടേബിൾ സ്പൂൺ
- ചെറുനാരങ്ങനീര്– 1 നാരങ്ങയുടെത്
- കറിവേപ്പില– 3 തണ്ട്
- ഉപ്പ്–ആവശ്യത്തിന്
- കറുകപ്പട്ട– 1 വലിയ കഷ്ണം
- ഗ്രാംപൂ– 4
- ഏലക്ക–4 എണ്ണം
- മല്ലിയില– 6 തണ്ട്
തയാറാക്കുന്ന വിധം
പാത്രത്തിൽ അൽപം ഡാൽഡയൊഴിച്ച് സവാള നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചു ചേർക്കുക. ഇതിലേക്കു കഴുകി വൃത്തിയാക്കി വച്ച ബീഫ് ചേർത്ത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി വേവിക്കുക. ഇതിലേക്കു വെള്ളം, നെയ്യ് ,ഡാൽഡ എന്നിവ ഒഴിക്കുക. കറുകപ്പട്ടയും ഗ്രാംമ്പുവും ഏലയ്ക്കയും ആവശ്യത്തിനു ഉപ്പും ചേർക്കാം. ചെറുനാരങ്ങ നീര് ഒഴിക്കാം. വെള്ളം തിളച്ച ശേഷം ഇതിലേക്കു കഴുകി വൃത്തിയാക്കിയ അരിയിട്ടു കൊടുക്കാം. വെള്ളം പൂർണമായും വറ്റിയ ശേഷം തീ അണച്ചു അൽപനേരം അടച്ചുവയ്ക്കുക. മല്ലിയില വിതറിയ ശേഷം ഉപയോഗിക്കാം.