പല തിരക്കിനിടയിൽ സ്വന്തം കാര്യം മറന്നു പോവേണ്ടവരല്ല; ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടവരാണു സ്ത്രീകളാണെന്നാണു മുത്തശ്ശിയുടെ പക്ഷം. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു വിഭവത്തെ കുറിച്ചാണ് മുത്തശ്ശി ഇത്തവണ പറയുന്നത്. ചെറിയ ഉള്ളിയുടെ  ഗുണങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ മുത്തശ്ശി എന്നും വാചാലയാകും.  ഇത്തവണ ചെറിയ ഉള്ളി കൊണ്ട് ഒരു വിഭവമാകാം. ഗർഭാശയത്തിന്റെ ആരോഗ്യത്തിന് ഉപയോഗിക്കുന്ന മരുന്നു കൂടി ആയതിനാൽ പ്രായപൂർത്തിയായ പെൺകുട്ടികളെ മാത്രമേ മുത്തശ്ശി ഇതു കഴിക്കാൻ അനുവദിക്കാറുള്ളൂ.

ഉള്ളിലേഹ്യം/ഉള്ളി വിളയിച്ചത് (വേവിച്ചത്) 

ആവശ്യമുള്ള സാധനങ്ങൾ 

  • ചെറിയ ഉള്ളി/
  • ചുവന്നുള്ളി–  1 കിലോ
  • ശർക്കര പാനി  –  ( ഏതാണ്ട് അര കിലോ മതിയാകും ഓരോരുത്തരുടെയും മധുരത്തിന് അനുസരിച്ച്  കൂടുതൽ ചേർക്കാം)
  • തേങ്ങ– 2 എണ്ണം

തയാറാക്കുന്ന വിധം

  • ഉള്ളി അൽപം വെള്ളത്തിലിട്ട് നന്നായി വേവിച്ചെടുക്കുക. ഉരുളിയിൽ (അടി കട്ടിയുള്ള പാത്രമായാലും മതി– ഉരുളിയാണു  നല്ലത്)
  •  2 തേങ്ങയുടെ  പാലൊഴിച്ച് തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ തന്നെ വേവിച്ചു   വച്ച ഉള്ളി അതിലേക്കു ചേർക്കാം. (ചിലർ ഉള്ളി അരച്ചു ചേർക്കാറുണ്ട്. അരച്ചു ചേർത്ത് കഴിക്കാൻ താൽപര്യമുള്ളവർക്ക് മിക്സിയിൽ അരച്ചെടുത്ത ശേഷം ചേർക്കാം–തേങ്ങാപ്പാലിൽ ഇളക്കി ഉള്ളി അതിൽ ഉടച്ചു ചേർക്കുന്നതാണു മുത്തശ്ശിയുടെ രീതി.) കുറച്ചു നേരം ഇളക്കിയതിനു ശേഷം  ശർക്കരപാനി (ചക്കരയായാൽ കൂടുതൽ നല്ലത്) കൂടി ഇതിലേക്ക് ചേർത്ത്  നന്നായി ഇളക്കുക. ഉള്ളി ലേഹ്യമുണ്ടാക്കുമ്പോൾ കയ്യെടുക്കാതെ ഇളക്കികൊണ്ടേയിരിക്കാൻ ശ്രദ്ധിക്കണം.  അത്യാവശ്യം കുറുകി വന്ന ശേഷം ആവശ്യമെങ്കിൽ,  ഒന്നോ രണ്ടോ സ്പൂൺ അരിപ്പൊടി അൽപം വെള്ളത്തിൽ കലക്കിയൊഴിച്ച് ജോലി എളുപ്പമാക്കാം (നിർബന്ധമില്ല).  ലേഹ്യം നന്നായി വഴറ്റണം. അതിൽ നിന്ന് എണ്ണ കിനിഞ്ഞിറങ്ങുന്നതു വരെ നന്നായി ഇളക്കികൊണ്ടേയിരിക്കാം. കുറുകി വരുമ്പോൾ മധുരം പരിശോധിച്ചു ആവശ്യത്തിനു ചേർക്കാൻ മറക്കരുത്. എണ്ണ നന്നായി കിനിഞ്ഞിറങ്ങുമ്പോൾ ലേഹ്യം തയാറായി എന്നു മനസ്സിലാക്കാം. രുചിക്കു വേണ്ടി അൽപം നെയ്യ് ഇതിൽ ചേർക്കുന്നവരുമുണ്ടെന്നാണു മുത്തശ്ശിയുടെ അറിവ്. നെയ്യില്ലാതെ  തന്നെ ഉള്ളിലേഹ്യത്തിനു നല്ല രുചിയാണെന്നു മുത്തശ്ശി പറയുന്നു.

ഉള്ളിലേഹ്യം കഴിച്ചാൽ ...

  • പ്രധാനമായും പ്രസവരക്ഷാ മരുന്നായാണു ഉള്ളി ലേഹ്യം ഉപയോഗിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരത്തിലെ സകല നാഡി, ഞരമ്പുകൾ , അസ്ഥികൾ തുടങ്ങിയവയെല്ലാം അയയുന്ന (ബലം കുറയുന്ന) സന്ദർഭമാണു  പ്രസവം.  പ്രസവശേഷം ഇവയ്ക്കു ബലം തിരിച്ചു കിട്ടാൻ  ഉള്ളിലേഹ്യം സഹായിക്കും.
  •  മുറിവുകൾ ഉണക്കാൻ സഹായിക്കും. പ്രസവസമയത്തുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ ഏറെ ഗുണപ്രദം
  •  പ്രസവശേഷം ഗർഭാശയം ചുരുങ്ങാനും ബലമുള്ളതാക്കാനും സഹായിക്കും
  •  ഗർഭാശയം ശുദ്ധീകരിക്കും
  •  രക്തം ശുദ്ധീകരിക്കും
  •  ഹീമോഗ്ലോബിന്റെ  അളവു വർധിപ്പിക്കും
  •  ഗർഭാശയത്തിന്റെ ആരോഗ്യകരമായ പ്രവർത്തത്തിന് ഏറെ സഹായിക്കുന്നതു കൊണ്ടാണു പ്രായപൂർത്തികുന്ന സമയത്ത്  പെൺകുട്ടികൾക്കും ചിലയിടങ്ങളിൽ ഉള്ളിലേഹ്യം നൽകിവരുന്നത്. 
  •  തേങ്ങാപാൽ, ശർക്കര തുടങ്ങിയവ ചേർക്കുന്നതിനാൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഉള്ളിലേഹ്യം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. പ്രായമായവർ  കുറഞ്ഞ അളവിൽ   മാത്രം ഉപയോഗിക്കുക. 

കടപ്പാട്

ഡോ. ആർ. ഭഗവതിയമ്മാൾ, ഹോസ്പിറ്റൽ സൂപ്രണ്ട്, സീതാറാം ആയൂർവേദ സ്പെഷൽറ്റി ഹോസ്പിറ്റൽ, വെളിയന്നൂർ.

English Summary: Onion Lehyam, Aurvedic Chuvannulli lehyam recipe, Best medicine for Anemia and Low back pain