കാണാനും കഴിക്കാനും ഇഷ്ടമുള്ള മിഠായി! നാവിലിട്ടാൽ അലിഞ്ഞു പോകുന്ന പഞ്ഞിമിഠായി. കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട സോൻ പപ്പടി. കണ്ടാൽ സിംപിളാണെങ്കിലും ഇത് ഉണ്ടാക്കി എടുക്കാൻ ഇത്തിരി കഷ്ടപ്പാടാണേ...രുചിക്കൂട്ട് നോക്കാം.

ചേരുവകൾ

പഞ്ചസാര – 2 കപ്പ്
നെയ്യ് – ¾ കപ്പ്
ഗോതമ്പുമാവ് – 1 ½ കപ്പ്
നാരങ്ങ (ചെറുത്) – 1 എണ്ണം

തയാറാക്കുന്ന വിധം

ആദ്യം ഒരു ഫ്രൈപാനിൽ മുക്കാൽ കപ്പ് നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ഒന്നരകപ്പ് ഗോതമ്പു മാവിട്ട് പച്ചമണം മാറുന്നതു വരെ വറുത്തെടുക്കാം. നെയ്യ് നന്നായി ചൂടായ ശേഷം തീ കുറച്ച് വച്ച് വേണം മാവ് വറുക്കാൻ (തീ കൂടിയാൽ മാവ് അടിക്കു പിടിച്ച് കരിഞ്ഞുപോകും. തീ കുറച്ച് സമയമെടുത്തു തന്നെ മാവ് വറുത്തെടുക്കാൻ ശ്രദ്ധിക്കണം) നല്ല മണം വന്ന് അതിന്റെ നിറം മാറുമ്പോൾ തീ ഓഫ് ചെയ്ത് ഒരു പ്ലേറ്റിലേക്ക് വറുത്ത മാവ് മാറ്റിവയ്ക്കുക. അതിനുശേഷം പഞ്ചസാര സിറപ്പ് തയാറാക്കാം രണ്ട് കപ്പ് പഞ്ചസാര ഒരു ഫ്രൈപാനിൽ പഞ്ചസാര മുങ്ങിക്കിടക്കുന്ന കണക്കിൽ വെള്ളമൊഴിച്ച് ( നല്ല തീയില്‍) നന്നായി ഇളക്കി കൊടുക്കുക. വെള്ളം ഒരുപാട് കൂടുകയോ കുറയുകയോ ചെയ്യരുത്. പഞ്ചസാര നന്നായി അലിഞ്ഞതിനുശേഷം നാരങ്ങാ നീര് പിഴിഞ്ഞ് ചേർക്കാം(പഞ്ചസാര സിറപ്പ് കട്ടയാകാതിരിക്കാൻ വേണ്ടിയാണ് നാരങ്ങ നീര് ചേർക്കുന്നത്) പഞ്ചസാരയുടെ കറക്ട് പാകത്തിന് എടുത്ത് അടുപ്പിൽ നിന്ന് വാങ്ങുക. ഗോൾഡൻ കളറാണ് പാകം. അല്ലെങ്കിൽ കയ്പ് രസം ഉണ്ടാകും.

ഉരുക്കിയ പഞ്ചസാര നെയ് തടവിയ ഒരു പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കുക. ചൂട് കുറയുന്നതു വരെ വെയിറ്റ് ചെയ്യുക. കൈവച്ച് തൊടാൻ പാകമാകുന്ന ചൂടാവുന്നതു വരെ സ്പൂൺ വച്ച് ഇളക്കി ചൂട് ക്രമപ്പെടുത്തി എടുക്കണം. ഇത് വൃത്തിയുള്ള പ്രതലത്തിൽ ഒഴിച്ചാണ് നീട്ടി എടുക്കുന്നത്.  ഈ പ്രതലത്തിലും കുറച്ച് നെയ്യ് തടവി വയ്ക്കാം. പഞ്ചസാര ലായനി ചൂടായിരിക്കുമ്പോൾ മാവിട്ടു കഴിഞ്ഞാൽ പഞ്ചസാര സിറപ്പ് വെള്ളം പോലെ അലിഞ്ഞു പോകും. ഇത് വലിച്ചു നീട്ടിയെടുക്കണമെങ്കിൽ നല്ല പോലെ ചൂട് പോകണം. എല്ലാ ഭാഗത്തെയും ചൂട് ഒരു പോലെ ക്രമപ്പെടുത്തി കൈ തൊടാൻ പാകത്തിന് ചൂടാകുമ്പോൾ നെയ്യ് തടവിയ തറയിലേക്ക് ഒഴിച്ച് നെയ്യും മാവും കൂടിയുള്ള മിക്സ് ഇതിലേക്ക് നന്നായി തേച്ച് റിംഗ് പോലെ മടക്കി മടക്കി വലിച്ചു നീട്ടണം പൊടിമുഴുവൻ അതിൽ പിടിക്കുന്നതു വരെ ഇങ്ങനെ തുടർച്ചയായി ചെയ്ത് വളരെ കട്ടി കുറവുള്ള പഞ്ചസാരയുടെ നൂലാകുന്നതു വരെ ഇങ്ങനെ ചെയ്യണം. 

English Summary: Soan Papdi Recipe, Cotton Candy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT