തലേന്ന് അരിയും ഉഴുന്നും വെള്ളത്തിലിടാൻ മറന്നാൽ പിറ്റേന്നു ദോശ തിന്നാനും കുടുംബാംഗങ്ങൾക്കു കൊടുക്കാനുമുള്ള അവസരം നഷ്ടപ്പെടുമെന്നല്ലേ പൊതുധാരണ? മണിക്കൂറുകൾ വെള്ളത്തിലിട്ടാൽ മാത്രം പോരാ, അവ കുതിർന്ന് അരച്ചെടുത്ത ശേഷം ഒരുരാത്രി മുഴുവൻ പുളിക്കാൻ വയ്ക്കുകയും വേണം. എന്നാൽ, ഒരുരാത്രി മുഴുവൻ അരിയും ഉഴുന്നും സാധകം ചെയ്തില്ലെങ്കിലും ദോശ തിന്നാനുള്ള ആശ നിറവേറ്റാമെങ്കിലോ?

വെറും മൂന്നു മണിക്കൂർ ‘നോക്കുസമയം’ മാത്രം മതി ഈ ദോശയ്ക്ക്. പരമ്പരാഗത ദോശയല്ലെന്ന് ആർക്കും മനസ്സിലാവുകയുമില്ല. ഉഴുന്നു മാത്രം വെള്ളത്തിലിടുക. ഇതു കുതിരാൻ ഒരു മണിക്കൂർ മതി. കുതിർന്ന ഉഴുന്നു മഷിപോലെ അരച്ചെടുത്ത് ഉഴുന്നിന്റെ പാതിയളവിൽ റവയും രണ്ടു ടീസ്പൂൺ തൈരും (പുളി ആവശ്യമുള്ളതിനനുസരിച്ച് തൈര്) ചേർത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് ഒന്നുകൂടി അരയ്ക്കാം. വെറും മൂന്നുമണിക്കൂർ മൂടിവച്ചാൽ ദോശ മാവ് റെഡി. ആവശ്യത്തിന് ഉപ്പു ചേർത്തു ചുട്ടെടുത്തോളൂ.