വീര്യം കൂടും; ഇത് പാലക്കാട്ടുകാരുടെ സ്വന്തം പന്തയക്കോഴിക്കറി
നല്ല പച്ചക്കറിസദ്യ കിട്ടുന്ന നാടാണ് പാലക്കാട്. പക്ഷേ, പാലക്കാടിനു മാത്രം സ്വന്തമായി ഒരു കോഴിക്കറിയുണ്ട്. കോഴിയും കുമ്പളങ്ങയുമിട്ടൊരു സ്പെഷൽ കറി. കോഴിയുടെ ചൂടിനെ കുമ്പളങ്ങ കൊണ്ടു പ്രതിരോധിക്കാമെന്ന ആശയത്തിൽ നിന്നു ജനിച്ചൊരു കിടിലൻ റെസിപ്പി. നാടനും ബ്രോയിലറിനും ലാഗോണിനുമൊപ്പം പന്തയക്കോഴികളെയും പാലക്കാട്ടുകാർ കറിയാക്കും.
പാലക്കാട്ടെ ചിറ്റൂരും അതിനുള്ളിലേക്കുള്ള അതിർത്തി പ്രദേശങ്ങളുമായിരുന്നു ഒരു കാലത്തു കോഴിപ്പോരിനു പ്രസിദ്ധം. തമിഴ്നാട്ടിൽ നിന്നാണ് പാലക്കാട്ട് കോഴിപ്പോരെത്തിയത്. ജെല്ലിക്കെട്ട് നടക്കുന്ന ഇടങ്ങളിൽ പന്തയമായി കോഴിപ്പോരും നടക്കും. തമിഴിലെ കോളിക്കെട്ട് അഥവാ കോഴിക്കെട്ട്. അതിർത്തിയിൽ സ്ഥലം വാങ്ങി കൃഷി ചെയ്യാനെത്തിയ തമിഴ് ജനതയാണ് കോഴിപ്പോരിന്റെ വീര്യം പാലക്കാടെത്തിച്ചത്. നാടൻ കോഴിക്കറിയുടെ ചാറിനോടുള്ള ഇഷ്ടമാണ് നാട്ടുകാരെ കളിയോട് അടുപ്പിച്ചതെന്ന് ഇവിടത്തുകാർ തമാശ പറയും. കോഴിപ്പോരിൽ മരണപ്പെടുന്ന കോഴി എതിരാളിക്ക് സ്വന്തം.
ഹാച്ചറിയിൽ വിരിഞ്ഞു ഭക്ഷണം കഴിച്ചു തടിച്ചുരുണ്ടു കറിച്ചട്ടിയിൽ അവസാനിക്കുന്ന ബ്രോയിലർ കോഴികളിൽനിന്നു വ്യത്യസ്തമാണ് പന്തയക്കോഴികളുടെ ജീവിതം. അട വച്ചു വിരിയിക്കുന്ന കോഴികളിൽ കരുത്തനെന്നു തോന്നുന്നതിനെ മാത്രമേ കെട്ടുകോഴിയാക്കൂ. റാഗിയും ഗോതമ്പും ചോളവുമൊക്കെയാണ് ഭക്ഷണം. അതും ദിവസത്തിൽ ഒരു നേരം. കെട്ടുകോഴികളെ പറമ്പിൽ അലയാൻ വിടാറില്ല. പറ്റുന്നതും ഇരുട്ടു മുറികളിൽ കാലിൽ കെട്ടുമായാണ് പാർപ്പിക്കുക. മറ്റു കോഴികളോട് ഇണങ്ങി ചാത്തന്റെ (പൂവൻകോഴി) ശൗര്യം നഷ്ടപ്പെടാതിരിക്കാനാണിത്.
പാലക്കാട്ടു നിന്നു തമിഴ്നാട്ടിലേക്ക് കോഴിക്കെട്ടിനു പോയിക്കൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ചീട്ടുകളിയിൽ ഹരം കയറുന്നതു പോലെ പോറ്റി വളർത്തിയ കെട്ടുകോഴികളും കാശുമായി തമിഴ്നാട്ടിലേക്കു വണ്ടി കയറും ഇവിടത്തുകാർ. 5000 ത്തിനും മുകളിലായിരിക്കും പന്തയത്തുക. വേപ്പിലയുടെ ആകൃതിയിലുള്ള കത്തി കാലിൽകെട്ടി കളത്തിലിറക്കുന്ന കോഴിക്കു മേൽ പതിനായിരങ്ങളുടെ പന്തയമുണ്ടാവും. ഒപ്പത്തിനൊക്കുന്ന പൂവനെ മാത്രമേ കളത്തിലിറക്കൂ. 5 മുതൽ 7.5 കിലോഗ്രാം വരെ തൂക്കമുണ്ടാവും ഇവയ്ക്ക്. എതിരാളിയെക്കണ്ടു പേടിച്ചോടുന്നവൻ മുതൽ 20 മിനിറ്റ് വരെ പൊരുതുന്നവൻ വരെ. പലതും എതിരാളിയുടെ ശ്വാസം നിലയ്ക്കുന്നതു വരെ പൊരുതും. ജയിച്ചു ജീവനോടെ കയറി വന്നാലും പലതിനും മാരകമായ മുറിവുകൾ പറ്റിയിട്ടുണ്ടാവും. തൊട്ടാവാടിയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും അരച്ചു പുരട്ടും.
പിന്നീടുള്ള 6 മാസം കോഴിക്ക് വിശ്രമമാണ്. മിടുക്കരിൽ മിടുക്കൻമാർ മൂന്നോ നാലോ കോഴിക്കെട്ടുകൾ ജയിക്കും. അടുത്തതിൽ വീഴും. അതിനും മുന്നോട്ടു പോകുന്നവർ വിരളം. കോഴിയെ കളത്തിലിറക്കുന്നവരെ ജാക്കിയെന്നു വിളിക്കും. പരിചയ സമ്പന്നരായ ഇവരുടെ കയ്യിലാണ് കളിയുടെ മികവ്. ഓരോ കോഴിയും കളത്തിലിറക്കാൻ 300 മുതൽ 500 രൂപ വരെ ഇവർക്കു നൽകണം. മൂർച്ചയേറിയ കത്തി കെട്ടി കളത്തിലിറക്കുന്ന കോഴികളെ തിരികെ പിടിക്കാൻ ഉടമസ്ഥനു പോലും കഴിയണമെന്നില്ല. പക്ഷേ, ജാക്കികൾ കോഴികളെ തന്ത്രത്തിൽ കൈപ്പിടിയിലാക്കും. അറിയാത്തവർ പിടിക്കാനാഞ്ഞാൽ കത്തികൊണ്ടു വയർ മുറിയും.
കോഴിപ്പോര് ഇന്നു നിയമ വിരുദ്ധമാണ്. ജല്ലിക്കെട്ടിനു വേണ്ടി വാദിച്ചു ജയിച്ച തമിഴ്നാട്ടുകാർ കോഴിക്കെട്ടും അനുമതി വാങ്ങി നടത്തുന്നുണ്ട്.
കോഴി കുമ്പളങ്ങ കറി
- കോഴി - 750 ഗ്രാം
- കുമ്പളങ്ങ- 750 ഗ്രാം
- ഇഞ്ചി - വലിയ കഷണം
- വെളുത്തുള്ളി - 8 അല്ലി
- പച്ചമുളക് - 5 എണ്ണം
- സവാള -2 എണ്ണം
- തക്കാളി -1 എണ്ണം
- മഞ്ഞൾ പൊടി- 1 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി- 3 ടേബിൾ സ്പൂണ്‍
- മുളക് പൊടി-2 ടേബിൾ സ്പൂണ്‍
- കുരുമുളകുപൊടി - 1 1/2 ടേബിൾ സ്പൂണ്‍
- ഗരംമസാല പൊടി-1 ടേബിൾ സ്പൂണ്‍
- പെരുംജീരകപ്പൊടി - 1 ടി സ്പൂണ്‍
- ഉപ്പ്
- വെളിച്ചെണ്ണ - 3 ടേബിൾ സ്പൂണ്‍
- കറിവേപ്പില
- തേങ്ങാപ്പാൽ - 100 എംഎൽ
തയാറാക്കുന്ന വിധം
- കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് കീറിയതും വേപ്പിലയും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിനു ശേഷം
- പൊടികളെല്ലാം ചേർത്ത് മൂപ്പിക്കുക. തുടർന്ന് തക്കാളി ചേർത്തു കൊടുക്കാം. കുമ്പളങ്ങ ചേർത്ത് ഇളക്കിയതിനു ശേഷം കോഴിയും ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.
- വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി കാരണം കോഴിയിൽ നിന്നും കുമ്പളങ്ങയിൽ നിന്നു വെള്ളം ഇറങ്ങും.
- വെന്തു കറി കുറുകിയതിനു ശേഷം നാളികേരപ്പാൽ ചേർത്ത് വാങ്ങുക.
English Summary: Palakkad Special Nadan Chicken Kumbalanga Curry