ചിക്കനൊപ്പം കടകളിൽ ഇത്തിരി സവാള ചോദിച്ചാൽ വേണമെങ്കിൽ ഒരു കോഴിക്കാലു തരാം സവാള മാത്രം ചോദിക്കരുതേ എന്നതാണ് നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ. എന്തായാലും ചിക്കൻ വിഭവങ്ങൾ മലയാളികളുടെ തീൻ മേശയിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ്. സവാള വഴറ്റി വഴറ്റി രുചി കൂട്ടിയിരുന്ന കാലം പോയി! സവാള ഇല്ലാതെ തന്നെ നല്ല ഒന്നാന്തരം ചിക്കൻ കറി വയ്ക്കാനുള്ള രുചിക്കൂട്ട് ഇതാ

ചേരുവകൾ

  • ചിക്കൻ – 500 ഗ്രാം
  • ബേ ലീഫ് – 1
  • ഗ്രാമ്പു – 3
  • കറുവാപ്പട്ട – 1
  • കുരുമുളക് – കാൽ സ്പൂൺ
  • ഉണക്കമുളക് – 3
  • മുളകുപൊടി – 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടേബിൾസ്പൂൺ
  • തക്കാളി – 1
  • ഇഞ്ചി – 1 കഷ്ണം (ചതച്ചത്)
  • വെളുത്തുള്ളി – 5 അല്ലി (ചതച്ചത്)
  • തൈര് – 1 ചെറിയ കപ്പ്
  • മല്ലിയില – ആവശ്യത്തിന്
  • കറിവേപ്പില
  • പച്ചമുളക് – 2 എണ്ണം
  • എണ്ണ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • മിക്സിയുടെ ജാറിൽ ബേ ലീഫ്, ഗ്രാമ്പു, കറുവാപ്പട്ട, കുരുമുളക്, ഉണക്കമുളക് എല്ലാം ഒന്നിച്ചിട്ട് പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക.
  • ഒരു പ്രഷർ കുക്കറിൽ ഒരു കപ്പ് വെള്ളം ചൂടാക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ചിക്കൻ കഷണങ്ങളും ഇട്ട് നന്നായി യോജിപ്പിച്ച് വേവിച്ചെടുക്കുക.
  • ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറിവേപ്പിലയും പച്ചമുളകും ചേർക്കുക. ഇതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർക്കാം. നന്നായി യോജിപ്പിച്ച് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർക്കാം. പൊടിച്ചു വച്ച ഗരം മസാലയും ചേർത്ത് നന്നായി യോജിപ്പിക്കാം. വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളും ചാറും ഇതിലേക്കു ചേർക്കാം. ചാറ് കുറുകിതുടങ്ങുമ്പോൾ തൈര് ചേർത്ത് നന്നായി യോജിപ്പിക്കാം. ഗരം മസാലയും മല്ലിയിലയും ചേർത്ത് വാങ്ങാം.

English Summary: Quick Chicken Curry without Onion