എവിടെ തിരിഞ്ഞാലും ക്രിസ്മസ് നിറങ്ങളും രുചിയും നിറയുന്ന ഡിസംബർ. രുചികരമായ ക്രിസ്മസ് കേക്ക് വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ
മൈദ, വെണ്ണ, പഞ്ചസാര–250 ഗ്രാം വീതം, മുട്ട അഞ്ചെണ്ണം, പഴങ്ങൾ അരക്കിലോ, ബേക്കിങ് പൗഡർ ഒന്നര സ്പൂൺ, ബേക്കിങ് സോഡ അര സ്പൂൺ, കാൽ ഗ്ലാസ് വെള്ളത്തിൽ കാരമലൈസ്ഡ് ചെയ്ത 150 ഗ്രാം പഞ്ചസാര മുട്ടവെള്ളയുമായി ചേർത്തത്, സ്പൈസസ് അര സ്പൂൺ, വാനില എസൻസ്

ബേക്കിങ്
വെണ്ണ, പഞ്ചസാര, മുട്ടയുടെ മഞ്ഞക്കരു, വാനില എസൻസ്, എന്നിവ ചേർത്ത് ഇളം മഞ്ഞനിറമാകുന്നതുവരെ ഇളക്കണം. മൈദ, പഴങ്ങൾ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, സ്പൈസസ് എന്നിവയും പിന്നീട് കാരമലൈസ്ഡ് പഞ്ചസാരയും മുട്ടവെള്ളയും ചേർക്കണം. ഒരു ടിൻ എടുത്ത് അടിയിലും ഉൾഭാഗത്തും വെണ്ണ തടവിയശേഷം അതിലേക്ക് ഈ മിശ്രിതം ടിന്നിന്റെ പകുതിവരെ ഒഴിക്കണം. മൈക്രോ വേവ് അവൻ 160 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് വെറുതെ ചൂടാക്കിയശേഷം ടിൻ അവനിൽ വയ്ക്കുക. 50 മിനിറ്റിനുശേഷം പുറത്തെടുത്ത് അര മണിക്കൂറെങ്കിലും ടിൻ തുറക്കാതെ വയ്ക്കണം. ആവശ്യമെങ്കിൽ റം അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് പുറമേ പുരട്ടിക്കൊടുക്കുക. ഫോയിൽ കടലാസ് കൊണ്ടു കവർ ചെയ്തു സൂക്ഷിക്കുക.