ലേസ്ഡ് അലോവേര (കറ്റാർവാഴ) കാർമൽ കേക്ക് ഈ ക്രിസ്മസിന് സ്പെഷൽ രുചിയിൽ വിളംമ്പാം.

ചേരുവകൾ

  • മൈദ – 2 കപ്പ്
  • ബേക്കിങ് പൗഡർ – 2 ടീസ്പൂൺ
  • ബേക്കിങ് സോഡ – അര ടീസ്പൂൺ
  • മുട്ട – 3 എണ്ണം
  • ബട്ടർ – മുക്കാൽ കപ്പ്
  • പഞ്ചസാരപ്പൊടി – ഒന്നര കപ്പ്
  • പാൽ – മുക്കാൽ കപ്പ്
  • കറ്റാർ വാഴ ജെൽ– കാൽ കപ്പ്
  • ചോക്ലേറ്റ് കഷണങ്ങൾ ചുരണ്ടിയത് – അര കപ്പ്
  • വനില എസ്സൻസ് – ഒരു ടീസ്പൂൺ
  • പൊടിക്കാത്ത പഞ്ചസാര– ഒരു ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

മൈദ ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ നാല് തവണ അരിച്ചെടുക്കുക. മുട്ടയുടെ ഉണ്ണിയും വെള്ളയും വേർതിരിക്കുക. ബട്ടർ പഞ്ചസാര ചേർത്ത് അടിച്ചു മയപ്പെടുത്തുക. ഇതിലേക്കു മുട്ടയുടെ ഉണ്ണി ഓരോന്നായി ചേർത്ത് നന്നായി പതയ്ക്കുക. കറ്റാർ വാഴ ജെൽ ചേർത്ത് യോജിപ്പിക്കുക. മൈദയും പാലും അൽപാൽപമായി ചേർത്ത് കട്ട കെട്ടാതെ യോജിപ്പിക്കുക. ചോക്ലേറ്റ് കഷണങ്ങൾ കേക്ക് കൂട്ടിൽ ചേർക്കുക. മുട്ടയുടെ വെള്ള നന്നായി പതച്ച് വനില എസ്സൻസും ചേർത്തു വീണ്ടും പതയ്ക്കുക. പത അടങ്ങും മുൻപ് പഞ്ചസാര വിതറി ചേരുവയിൽ യോജിപ്പിക്കുക. ഈ ചേരുവ മയം പുരട്ടിയ കടലാസിട്ട കേക്ക് ടിന്നിലൊഴിക്കുക. നേരത്തേ ചൂടാക്കിയ അവ്നിൽ വച്ച് 200 ഡ്രിഗ്രി സെൽഷ്യസിൽ ചൂടിൽ ഒരു മണിക്കൂർ ബേക്ക് ചെയ്തെടുക്കുക.

ഐസിങ്ങിന്

  • പഞ്ചസാര – അര കപ്പ്
  • ബട്ടർ – 50 ഗ്രാം
  • ഫ്രഷ് ക്രീം – 250 മില്ലി

പഞ്ചസാര ഇളം ബ്രൗൺ നിറം ആകുന്നതു വരെ ചൂടാക്കുക. ഇതിലേയ്ക്ക് ബട്ടർ ചേർക്കുക. തീ അണച്ചതിനു ശേഷം ഫ്രഷ് ക്രീം ചേർത്ത് നന്നായി യോജിപ്പിച്ച് കേക്കിന് മുകളിൽ ഒഴിക്കുക.

കറ്റാർ വാഴ ജെൽ തയാറാക്കുന്ന വിധം

ആൻസി

കറ്റാർ വാഴ തണ്ട് എടുത്തതിനു ശേഷം ഇരുവശങ്ങളിലെയും മുള്ള് ചെത്തിക്കളയുക. മുകളിൽ നിന്നും തൊലി ചെത്തി മാറ്റിയ ശേഷം പരന്ന സ്പൂൺ കൊണ്ട് പൾപ്പ് ചീകിയെടുക്കുക. ചതുര കഷണങ്ങളാക്കിയ ശേഷം പത്തു തവണ ശുദ്ധമായ പച്ചവെള്ളത്തിൽ കഴുകിയെടുക്കുക. ഏഴാമത്തെയും എട്ടാമത്തെയും തവണ ഉപ്പു വെള്ളത്തിലാണ് കഴുകേണ്ടത്. ഒരു പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് അതിലേയ്ക്ക് ഈ കഷണങ്ങൾ ഇട്ട് 5 മിനിറ്റ് ഇളക്കി ചൂടാക്കിയെടുക്കുക. ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് തിളച്ചു വരുമ്പോൾ ഈ കഷണങ്ങൾ ചേർത്ത് 5 മിനിറ്റ് തിളപ്പിച്ചു വാങ്ങുക. ആറിക്കഴിയുമ്പോൾ മിക്സിയിൽ അടിച്ച് കേക്ക്, ഹൽവ, പായസം, ലഡു തുടങ്ങി നിരവധി വിഭവങ്ങൾ തയാറാക്കുമ്പോൾ ചേർക്കാവുന്നതാണ്.

തയാറാക്കിയത്

  • ആൻസി മാത്യു,
  • ഞാവള്ളി മംഗലത്തിൽ, പാലാ
  • (ഇന്റർനാഷനൽ ട്രെയിനർ– ട്രോപ്പിക്കൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്)

English Summary:  Aloevera Gel Cake