സവാളയോട് പോകാൻ പറ! ചിക്കൻകറി ഇങ്ങനെ വയ്ക്കാം
സവാളവില അടുക്കളകളെ കരയിക്കുന്നതു തുടരുമ്പോൾ ക്രിസ്മസിനും ചെലവേറുമെന്നുറപ്പായി. 130 രൂപയ്ക്കാണ് ഇന്നലെ കൊല്ലം മാർക്കറ്റിൽ ഒരു കിലോ സവാള വിറ്റത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കൻ സംസ്ഥാനങ്ങളിൽ അടക്കം പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കാര്യമായി ഉള്ളിവരവില്ലാത്തതാണു വില വർധിക്കാൻ കാരണം.
ഒരാഴ്ചയ്ക്കുള്ളിൽ വില താഴുമെന്ന പ്രതീക്ഷയിലാണു കച്ചവടക്കാരും ഉപഭോക്താക്കളും. ക്രിസ്മസ് ആഘോഷത്തിനു ചിക്കൻ, ബീഫ് വിഭവങ്ങൾക്കൊപ്പം സവാള ചേർക്കുന്നതാലോചിച്ചു ടെൻഷനിലാകുന്ന വീട്ടമ്മമാർക്ക് ഈ വിദ്യയൊന്നു പരീക്ഷിക്കാം. രുചിയിൽ പ്രശ്നമുണ്ടാകില്ലെന്നുറപ്പ്.
ഉള്ളിയില്ലാ ചിക്കൻ കറി
ഒരു കിലോ ചിക്കൻ മുറിച്ചതു കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാനിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായ ശേഷം കടുകിട്ടു പൊട്ടിക്കുക. ശേഷം സവാളയ്ക്കു പകരം സവാളയുടെ മാതൃകയിൽ അരിഞ്ഞ കാബേജ് ചേർത്തു വഴറ്റുക. ഒരു കിലോ ചിക്കന് ഒരു കപ്പ് കാബേജ് എന്നതാണു കണക്ക്. തുടർന്നു പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തു നന്നായി ഇളക്കണം. പാകമാകുമ്പോൾ മുളകുപൊടിയോ ചതച്ച മുളകോ ചേർക്കാം.
ചതച്ച മുളക് ഉപയോഗിക്കുന്നവർ മുളക് വഴറ്റിയ ശേഷം മല്ലിപ്പൊടി ചേർക്കണം. തുടർന്നു മഞ്ഞൾ. മുളകു പൊടി ഉപയോഗിക്കുന്നവർ ആദ്യം മല്ലിപ്പൊടി ചേർത്തു വഴറ്റണം. ചേരുവകൾക്കൊപ്പം രണ്ടു തക്കാളിയും ചേർത്തു നന്നായി ഇളക്കി വേവിക്കുക. തുടർന്നു ചിക്കൻ ചേർത്തു നന്നായി ഇളക്കുക. പിന്നീടു ഗരംമസാല, ഉപ്പ് എന്നിവ ചേർത്തിളക്കണം. കറിവേപ്പില കൂടി ചേർക്കാൻ മറക്കരുത്.
കുറഞ്ഞ തീയിൽ വേവിക്കുമ്പോൾ ചിക്കനിൽ നിന്നുള്ള വെള്ളം കൂടി കറിക്കൊപ്പം ചേർന്നു വേകും. പാതി വേവായ ശേഷം ആവശ്യത്തിനു വെള്ളം ചേർത്ത് അടച്ചു വച്ചു വേവിക്കണം. ചിക്കൻ പാകമാകുമ്പോൾ വറുത്തു പൊടിച്ച പെരുംജീരകം അവസാനമായി ചേർത്ത് ഇളക്കിയെടുക്കുന്നതോടെ സവാളയില്ലാത്ത ചിക്കൻ കറി തയാർ.
കടപ്പാട് : ആശാസ് കിച്ചൻ