തേൻ രുചിയിൽ, ഹണി ചിക്കൻ റോസ്റ്റ്
മസാലക്കൂട്ടുകളുടെ ഗർവുള്ള, തേനിന്റെ സൗമ്യതയുള്ള, മൊരിഞ്ഞ ചിക്കൻ. അതിഥികൾക്കായി പെട്ടെന്നു തയാറാക്കാം ഈ രുചിക്കൂട്ട്.
ചേരുവകൾ:
- ഫുൾ ചിക്കൻ – ഒരു കിലോ
- സവാള– 2
- മുളകുപൊടി– 2 സ്പൂൺ
- മല്ലിപ്പൊടി– 1 സ്പൂൺ
- മഞ്ഞൾപ്പൊടി– അര സ്പൂൺ
- കുരുമുളകുപൊടി– ഒരു സ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്– ആവശ്യത്തിന്
- പട്ട, തക്കോലം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ വറുത്തു പൊടിച്ചത്– ഒരു സ്പൂൺ
- എരിവു കുറഞ്ഞ പച്ചമുളക് അരച്ചത്– 4
- ഉപ്പ്– ആവശ്യത്തിന്
ഇങ്ങനെ തയാറാക്കാം:
ചിക്കൻ മുഴുവനായി എടുത്തു വൃത്തിയാക്കണം. അൽപം വിനാഗിരിയൊഴിച്ച വെള്ളത്തിൽ കുറച്ചുനേരം വയ്ക്കാം. കഴുകി പാത്രത്തിലേക്കു മാറ്റിയശേഷം ചിക്കനിൽ ഫോർക് കൊണ്ടു തുരുതുരാ കുത്തി ദ്വാരമിടുക. ഒരുമയവും വേണ്ട. മസാല പിടിക്കാനാണിത്. മസാലക്കൂട്ടുകളെല്ലാം അൽപം എണ്ണയിൽ ചാലിച്ചശേഷം ചിക്കനിൽ തേച്ചുപിടിപ്പിക്കണം. ഇനി ഒരു മണിക്കൂറെങ്കിലും ഫ്രിജിൽ വയ്ക്കണം. ഫ്രീസറിലല്ല.
കുഴിഞ്ഞ പാനോ കടായിയോ എടുക്കാം. സവാള വട്ടത്തിൽ നേരിയതായി അരിഞ്ഞു കടായിയിൽ നിരത്തണം. വിലക്കയറ്റമല്ലേ, സവാള 2 മതി. അൽപം പോലും എണ്ണ വേണ്ട. മസാല പുരണ്ട ചിക്കൻ ഇതിനു മീതെ വച്ച് അടച്ചുവച്ച് ചെറിയ തീയിൽ വേവിക്കുക. 20 മിനിറ്റ് കഴിയുമ്പോൾ 2 തവികൾ ഉപയോഗിച്ച് സൂക്ഷിച്ച് തിരിച്ചിടുക. ബ്രൗൺ നിറമാകുന്ന ചിക്കനു മീതേ വാടിയ ഉള്ളിയും കോരിയിടാം. രണ്ടു വശവും മൊരിയുന്നതു വരെ 3, 4 പ്രാവശ്യം തിരിച്ചിടാം. 45 മിനിറ്റ് മതി വിഭവം തയാറാകാൻ. നന്നായി മൊരിഞ്ഞു വരുമ്പോൾ ഓരോ സ്പൂൺ തേൻ ഇരുവശത്തും ഒഴിച്ചു കൊടുക്കാം. പാത്രത്തിലേക്കു മാറ്റിയ ശേഷം കാബേജോ വറുത്ത പപ്പടമോ കൊണ്ട് അലങ്കരിക്കാം.
English Summary: Honey Chicken Roast