കൊതിപ്പിക്കുന്ന രുചിയിൽ ഒരു നാടൻ വിഭവം. രുചികരമായൊരു ഫിഷ് റോൾ തയാറാക്കിയാലോ?

ചേരുവകൾ

1. മീൻ (തിലാപിയ) – ½ കിലോ
2. കാരറ്റ് അരിഞ്ഞത് – 2 എണ്ണം
3. തക്കാളി അരിഞ്ഞത് – 1 എണ്ണം
4. സവാള – 4 എണ്ണം
5. ഇഞ്ചി അരിഞ്ഞത് – 1 സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 1 സ്പൂൺ
7. പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
8. കുരുമുളക് പൊടി – 2 സ്പൂൺ
9. മഞ്ഞൾപ്പൊടി – ½ സ്പൂൺ
10. വിനാഗിരി – 1 സ്പൂൺ
11. എണ്ണ – 4 സ്പൂൺ
12. മുട്ട മിക്സിയിൽ അടിച്ചത് – 2 എണ്ണം
13. റൊട്ടിപ്പൊടി – 1 കപ്പ്
14. കറിവേപ്പില – 2 ഇതൾ അരിഞ്ഞത്
15. ഉപ്പ് – ആവശ്യത്തിന്
16. ആട്ടയും മൈദയും – 1 കപ്പ് വീതം (മിക്സിയിൽ മാവ് പരുവത്തിൽ അടിച്ചെടുക്കുക)

പാകം ചെയ്യുന്ന വിധം

കുരുമുളകു പൊടി, മഞ്ഞൾപ്പൊടി, വിനാഗിരി, ഉപ്പ് ഇവ മീനിൽ പുരട്ടി 10 മിനിറ്റ് നേരം വയ്ക്കുക. അതിനുശേഷം സ്റ്റീമറിൽ മീൻ പുഴുങ്ങി എടുക്കുക. അതിനുശേഷം അതിന്റെ മുള്ള് നീക്കം ചെയ്തു ദശ മാത്രം എടുത്തു വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റി അതിലേക്ക് കാരറ്റ്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് ചെറുതായി വഴറ്റി എടുക്കുക.

അതിലേക്ക് മീൻ ഇട്ട് നന്നായി വഴറ്റുക. അതിനുശേഷം അപ്പ ചട്ടിയിൽ ഗോതമ്പും മൈദയും മാവ് ആക്കിയത് കൊണ്ട് അപ്പം പോലെ ചുറ്റിച്ചു ഉണ്ടാക്കുക. അത് ഒരു പാത്രത്തിൽ വച്ചു അതിലേക്ക് ഒന്നര സ്പൂൺ നേരത്തേ വഴറ്റി വച്ചിരിക്കുന്നത് ഇട്ട് രണ്ട് സൈഡിൽ നിന്നും മടക്കി റോൾ പോലെ ആക്കി എടുക്കുക. ഇതിനെ മുട്ട അടിച്ചു വച്ചതിൽ മുക്കി റൊട്ടി പൊടിയിൽ പൊതിഞ്ഞ് ഫ്രൈയിംഗ് പാനിൽ വറുത്ത് എടുക്കുക. തിലാപ്പിയ റോള്‍ റെഡി.

English Summary: Fish Roll Recipe