വയലറ്റ് കാച്ചിൽ കഴിച്ചിട്ടുണ്ടോ? മുളക് ചമ്മന്തിയും കൂട്ടി കഴിച്ചാൽ കേമം!

മണ്ണിനടിയിൽ വളരുന്ന, കാണാൻ വലിയ ഭംഗിയൊന്നും ഇല്ലാത്ത ഒരു കിഴങ്ങ് വിളയാണ് കാച്ചിൽ.എന്നാൽ വയലറ്റ് കാച്ചിൽ മുറിച്ചാൽ അതിന്റെ പ്രകൃതി ദത്തമായ നിറം വളരെ മനോഹരം.അതുകൊണ്ട് തന്നെ വയലറ്റ് കാച്ചിൽ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ കാണുവാൻ തന്നെ  അതിമനോഹരം ആണ്

കാച്ചിൽ ഹൽവ

കാച്ചിൽ ഹൽവ

പലഹാരങ്ങളിൽ ഏറ്റവും രുചികരമായത് ഹൽവയാണ്.  പച്ചക്കറികൾ കൊണ്ടും പഴവർഗ്ഗങ്ങൾ കൊണ്ടും തയാറാക്കുന്ന ഹൽവ തന്നെ.

ചേരുവകൾ

  • കാച്ചിൽ– 2 കപ്പ് (പുഴുങ്ങി അരച്ചെടുത്തത്)
  • പഞ്ചസാര – 1 കപ്പ്
  • നെയ്യ് – 1 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ .– 1/2 കപ്പ്
  • മൈദ – 2 സ്പൂൺ 
  • ഏലയ്ക്കാപ്പൊടി – 1 ടേബിൾസ്പൂൺ
  • അണ്ടിപ്പരിപ്പ് – 50 ഗ്രാം
  • ഉപ്പ് – ഒരു നുളള്

  തയാറാക്കുന്ന വിധം 

കാച്ചിൽ തൊലി കളഞ്ഞു കഴുകി കുക്കറില്‍ ഒരു വിസില്‍ വരും വരെ വേവിക്കുക. ശേഷം നന്നായി അരച്ചെടുക്കാം. ഉരുളിയിലേക്ക് അരച്ചെടുത്ത പൾപ്പ് ചേർത്ത് പഞ്ചസാരയും ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. മൈദപ്പൊടി അൽപം വെളളത്തിൽ കലക്കി ചേർക്കണം. കശുവണ്ടി പേസ്റ്റ് ആവശ്യമെങ്കിൽ ചേർക്കാം, നിർബന്ധമില്ല. ഒരു നുളള് ഉപ്പ് ചേർക്കുക. ഇനി വെളിച്ചെണ്ണ കുറേശ്ശേ ചേർത്ത് ഉരുളിയിൽ നിന്ന് വിട്ട് നെയ്യ് തെളിഞ്ഞു വരുന്ന പരുവം വരെ ഇളക്കണം. എലയ്ക്കപ്പൊടി  ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.അവസാനം 1 സ്പൂൺ നെയ്യ് ചേർത്ത് ഇളക്കിയ ശേഷം നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റി അണ്ടിപ്പരിപ്പ് കൊണ്ട് അലങ്കരിച്ച് തണുത്തതിന് ശേഷം മുറിച്ചെടുക്കാം.ആർട്ടിഫിഷ്യൽ കളറുകൾ ചേർക്കാതെ പ്രകൃതി നൽകിയ മനോഹരമായ നിറത്തിൽ ഒരു നാടൻ ഹൽവ റെഡി.

NB  - ഹൽവ തയാറാക്കുമ്പോൾ കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കണം. ഹലുവയുടെ പാകം കുറഞ്ഞു പോയാൽ മുറിച്ചെടുക്കാൻ ബുദ്ധിമുട്ടാവും. പാകം കൂടിപ്പോയാൽ  മിഠായി പോലെ ആകും.

കാച്ചിൽ കേക്ക്

കാച്ചിൽ കേക്ക്

  • കാച്ചിൽ പേസ്റ്റ്         - 1/2 കപ്പ് 
  • ഗോതമ്പുപൊടി        -1കപ്പ് 
  • പഞ്ചസാര പൊടിച്ചത് -1കപ്പ് 
  • ബേക്കിംഗ് പൗഡർ     - 1 ടീസ്പൂൺ
  • ബേക്കിംഗ് സോഡാ    - 1/2 ടീസ്പൂൺ
  • ഉപ്പ്                            - ഒരു നുള്ള് 
  • പാൽ                          - 1/2 കപ്പ് 
  • ഓയിൽ                       - കാൽ കപ്പ് 
  • തൈര്                        - 1 സ്പൂൺ
  • വനിലഎസൻസ്      - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

  • കാച്ചിൽ തൊലി  കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച്ച് കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. ഇത്‌ പഞ്ചസാരയും ചേർത്ത് അടിച്ചു പേസ്റ്റാക്കുക.
  • പാലിൽ ഒരു സ്പൂൺ തൈര് ചേർത്ത് 5 മിനിറ്റ് വയ്ക്കുക. ശേഷം ഇതിലേക്ക് ഓയിൽ ചേർത്ത് ബീറ്റർ കൊണ്ട് അടിച്ചെടുക്കണം. ഇതിലേക്ക് കാച്ചിൽ പേസ്റ്റ് ചേർത്ത് ബീറ്റ് ചെയ്യണം
  • ഗോതമ്പുപൊടി, സോഡാപ്പൊടി, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ  2 പ്രാവശ്യം  ഇടഞ്ഞെടുക്കണം. കാച്ചിൽ കൂട്ടിലേക്ക് ഇത് കുറേശ്ശെയായി ചേർത്തു യോജിപ്പിക്കുക. ഗ്രീസ് ചെയ്ത ഒരു കേക്ക് ട്രേയിൽ ഒഴിച്ച് പ്രീഹീറ്റ് ചെയ്ത അവ്നിൽ 180 ഡിഗ്രിയിൽ 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

കാച്ചിൽ ഷേയ്ക്ക്

കാച്ചിൽ തൊലി കളഞ്ഞ് വേവിച്ചെടുക്കണം. ഇത് തേങ്ങാപ്പാലോ പശുവിൻ പാലോ ചേർത്ത് 1 സ്പൂൺ വാനില എസൻസും പഞ്ചസാരയും ചേർത്ത്  അടിച്ചെടുത്താൽ ഒന്നാം തരം ഷെയ്ക്ക് റെഡി. നട്ട്സ്, ഐസ്ക്രീം എന്നിവ ചേർത്താൽ കൂടുതൽ രുചികരമാക്കാം.

English Summary: Yam or Kachil Nadan Recipe