പാചകരുചികളിൽ ചേർക്കുന്ന ചില മസാലക്കൂട്ടുകൾ വീട്ടിൽ തന്നെ തയാറാക്കാം, അൽപം സമയം ഇതിനു വേണ്ടി മാറ്റിവച്ചാൽ ഇതൊക്കെ നിസ്സാരമല്ലേ...

ഗരം മസാല
കുരുമുളക് 50 ഗ്രാം, പട്ട 30 ഗ്രാം, തക്കോലം 30 ഗ്രാം, ജാതി പത്രി 4 എണ്ണം, ഏലയ്ക്ക 15, ഗ്രാമ്പു 20 ഗ്രാം, പട്ടബല (വയണ ഇല) 10 എണ്ണം, അയമോദകം 5 ഗ്രാം, മല്ലി 75 ഗ്രാം, പെരുംജീരകം 40 ഗ്രാം, വറ്റൽ മുളക് 100 ഗ്രാം. ജീരകം 30 ഗ്രാം, എല്ലാ ചേരുവകളും വേറെ വേറെ വറുത്ത് അല്പം തരുതര‌ിപ്പായി പൊടിക്കുക.

കസൂരി മേത്തി
ഉലുവ ഇല നുള്ളി എടുത്തത് 500ഗ്രാം, ഈ ഉലുവാ ഇല വെയിലിലോ നിഴലിലോ ഇട്ട് ഉണക്കാം. ഉണക്കാൻ കോട്ടൺ തുണിയിൽ വേണം ഇടാൻ. നല്ല വെയിൽ ആണെങ്കിൽ രണ്ടു മൂന്നു ദിവസം കൊണ്ട് നന്നായി കരിയില പൊലെ ഉണങ്ങിവരും, ഇത് പൊടിച്ചു വയ്ക്കാം.

സാമ്പാർ പൗഡർ
വറ്റൽമുളക് 200 ഗ്രാം, കടല പരിപ്പ് 50 ഗ്രാം, തുവരൻ പരിപ്പ് 50 ഗ്രാം, കായ കട്ട 20 ഗ്രാം, ഉലുവ 10 ഗ്രാം മല്ലി 150 ഗ്രാം, കറിവേപ്പില 150 ഗ്രാം.അൽപം എണ്ണ ഒഴിച്ച് കായം മൂപ്പിച്ചെടുക്കുക. ബാക്കി എണ്ണയിൽ വറ്റൽമുളക് വറത്തെടുക്കുക, ബാക്കി എല്ലാം എണ്ണയില്ലാതെ വറുക്കുക. നന്നായി ആറിയശേഷം തരുതരുപ്പായി പൊടിക്കുക.

ബിസി ബേളേ ബാത്ത് പൗഡർ
മല്ലി 20 ഗ്രാം, കാല പരിപ്പ് 20 ഗ്രാം, ഉലുവ 5 ഗ്രാം, വറ്റൽമുളക് 80 ഗ്രാം, ഗ്രാമ്പു, 6 എണ്ണം, പട്ട രണ്ടു കഷ്ണം, ഏലയ്ക്ക 4 എണ്ണം, കസ്കസ് 2 സ്പൂൺ, കുരുമുളക് 10 എണ്ണം, കായം 5 ഗ്രാം,കറിവേപ്പില കുറച്ച്. ഇവ എല്ലാം വേറേവേറെ വറ‌ുത്തു പൊടിക്കുക.

ചെനാ ചോലെ മസാല
ഗ്രാമ്പു 10, ഏലയ്ക്ക 6, ജാതി പത്രി1, ബേലീഫ് 2.ഇവ എണ്ണ ഇല്ലാതെ വറുത്തു പൊടിക്കുക.കടല വേവിക്കുമ്പോൾ ഒരു സ്പൂൺ ചായ പൊടി ഒരു തുണിയിൽ കിഴികെട്ടിയിടുക വെന്ത ശേഷം ഈ കിഴി മാറ്റി മസാലകൾ ചേർത്ത് കറി തയാറാക്കുക. ഇങ്ങനെ ചായ പൊടി ഇട്ടാൽ കറിക്ക് മണവും രുചിയും ക‌ൂടും.

(ഇവ എല്ലാം നല്ല വെയിലത്തു വെച്ച് ഉണക്കിയുംപൊടിക്കാം.)

English Summary:  Homemade Masala Recipe