നമ്മുടെ തൊടിയിൽ വലിയ വളപ്രയോഗങ്ങൾ ഒന്നും തന്നെ ഇല്ലാതെ കിട്ടുന്ന വിഷമുക്തമായ ഈ കിഴങ് പലരും നട്ട് കഴിഞ്ഞാൽ വിളവെടുക്കുക പോലുമില്ല...വിളവെടുത്താൽ തന്നെ ഉപയോഗശൂന്യമാക്കും. കാച്ചിലുകൊണ്ടുള്ള വ്യത്യസ്തമായ രുചികൾ പരിചയപ്പെടാം. പ്രഭാതഭക്ഷണത്തിന് ശർക്കര ചേർത്ത കട്ടി തേങ്ങാ പാലും കാച്ചിൽ പുഴുങ്ങിയതും. ഉച്ചയൂണിന് കാച്ചിൽ മോര് കറിയും കാച്ചിൽ ഫ്രൈ യും വൈകുന്നേരം സുലൈമാനിയോടൊപ്പം കാച്ചിൽ സാൻഡ് വിച്ച്, കാച്ചിൽ ചിപ്സ്.

കാച്ചിൽ സാൻഡ് വിച്ച്

ചേരുവകൾ

  • കാച്ചിൽ – 8 കഷ് ണം(1സെന്റിമീറ്റർ കനത്തിൽ 2 ഇഞ്ച് സ്ക്വയർ അല്ലെങ്കിൽ വട്ടത്തിൽ മുറിച്ച് എടുത്തത്)
  • തേങ്ങ ചിരവിയത് – 1 കപ്പ്
  • ഇഞ്ചി അരിഞ്ഞത് – 1 സ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് – 1 സ്പൂൺ
  • സവാള – 1
  • പച്ചമുളക് – 2
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഗരംമസാല – 1 സ്പൂൺ
  • കറിവേപ്പില – 2 തണ്ട്
  • എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കാച്ചിൽ കഷ്ണങ്ങൾ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് തിരുമ്മി മാറ്റി വയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, സവാള, മുളക് എന്നിവ എണ്ണയിൽ നന്നായി വഴറ്റണം. ഉപ്പും ചേർക്കുക.ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് ചൂടായ ശേഷം കറിവേപ്പിലയും തേങ്ങ തിരുമ്മിയതും ചേർത്ത് നന്നായി ചൂടായ ശേഷം വാങ്ങി ചൂട് ആറിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ഒതുക്കി എടുക്കണം. ഇപ്പോൾ സാൻഡ് വിച്ചിന് ഉള്ള മസാല റെഡി.

ഇനി ഒരു സ്റ്റീമറിന്റെ തട്ടിൽ എണ്ണ തടവുകയോ കറിവേപ്പില തണ്ടോടുകൂടിയോ അല്ലെങ്കിൽ വാഴയില നിരത്തുകയോ ചെയ്യുക. സാൻഡ് വിച് തട്ടിൽ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് കാച്ചിൽ കഷ്ണങ്ങൾ അതിൽ നിരത്തുക.ഇനി തയാറാക്കി വെച്ചിരിക്കുന്ന മസാല ഓരോ സ്പൂൺ വീതം കാച്ചിൽ കഷ്ണങ്ങളിൽ വെച്ച് സെറ്റ് ചെയ്യാം .ഇതിനു മുകളിൽ വീണ്ടും കാച്ചിൽ വെച്ച് മുകളിൽ വീണ്ടും മസാല വയ്ക്കാം. ഇനി 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. ചെറുചൂടോടെ കാച്ചിൽ സാൻഡ് വിച്ച് കഴിക്കാം. 

ഫില്ലിങിനുള്ള മസാല ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചു വ്യത്യാസപ്പെടുത്തിയാൽ പുതുരുചികൾ ആസ്വദിക്കാം.ഇതേ രീതിയിൽ മധുരമുള്ള സാൻഡ് വിച്ചും ചെയ്യാം.

Note - കാച്ചിൽ കഷണങ്ങൾ എപ്പോഴും വെള്ളത്തിലേക്ക് മുറിച്ചിടുക. ഉണങ്ങാൻ അനുവദിക്കരുത്. അങ്ങനെ ചെയ്താൽ വെള്ള നിറം നഷ്ടപ്പെടും.

കാച്ചിൽ ഫ്രൈ

കാച്ചിൽ 1 സെന്റിമീറ്റർ കനത്തിലുള്ള കഷണങ്ങളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കണം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. മുളകുപൊടി, കുരുമുളകു പൊടി, കോൺഫ്ളോർ എന്നിവ ആവശ്യാനുസരണം എടുത്ത്.അല്പം നാരങ്ങാ നീര് ചേർത്ത് യോജിപ്പിച്ച് കാച്ചിൽ കഷണങ്ങളിൽ തേച്ചു പിടിപ്പിച്ചു 15 മിനിറ്റിനു ശേഷം തിളച്ച എണ്ണയിൽ വറുത്ത് കോരിയെടുക്കാം. തക്കാളി സോസിനൊപ്പം ഈവനിംഗ് സ്നാക്ക് ആയും ഊണിനൊപ്പവും കഴിക്കാം

English Summary: Nadan Recipe, Yam Sandwich Recipe